കൈക്കൂലിപ്പണവുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരക്കം പാച്ചില്‍,പിന്തുടര്‍ന്ന് പിടികൂടി വിജിലന്‍സ്,ഇടനാഴിയിലും ഫയലുകളിലുമെല്ലാം ഉപേക്ഷിച്ച നിലയില്‍ നോട്ടുകള്‍,കോട്ടയം ആര്‍.ടി.ഓഫീസ് റെയിഡില്‍ കണ്ട കാഴ്ചകള്‍
കോട്ടയം: അഴിമതിയുടെ കൂത്തരങ്ങായി മാറിയ കോട്ടയം ആര്‍.ടി.ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ നടന്നത് നാടകീയ സംഭവ വികാസങ്ങള്‍.പരിശോധനയ്‌ക്കെത്തിയ വിജിലന്‍സ് സംഘത്തെ കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.ഇ ഷാജി പമവുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.ഓട്ടത്തിനിടെ വഴിയില്‍ കണ്ട ചായക്കടക്കാരന് പണം ഏല്‍പ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും ചായക്കാടക്കാരന്‍ ഏറ്റുവാങ്ങിയില്ല.പണവുമായി ഓട്ടം തുടര്‍ന്ന എം.വി.ഐ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ മുറിയിലെ അലമാരയ്ക്ക് പിന്നില്‍ പണം ഒളിപ്പിച്ചു. പിന്നാലെയെത്തിയ വിജിലന്‍സ് പണം കയ്യോടെ പിടികൂടി.870 രൂപ വിജിലന്‍സിനൊപ്പമെത്തിയ തഹസില്‍ദാരുടെ സാന്നിദ്ധ്യത്തില്‍ പിടിച്ചെടുത്തു. ഓട്ടം തുടര്‍ന്നതിനാല്‍ ഷാജിയെ വിജിലന്‍സിന് പിടി കൂടാനായില്ല.
ആര്‍.ടി ഓഫീസില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാതെ സൂക്ഷിച്ച 10000 രൂപ പിടിച്ചെടുത്തു.നിരവധി ക്രമക്കേടുകളും കണ്ടെത്തി.ഡൈനിംഗ് റൂം,ഫയല്‍ റാക്കുകള്‍ എന്നിവടങ്ങളിലാണ് പണം സൂക്ഷിച്ചിരുന്നതെന്നും വിജിലന്‍സ് കണ്ടെത്തി.ഓഫീസിന്റെ ഇടനാഴിയില്‍ ഉപേക്ഷിച്ച നിലയിലും പണം കണ്ടെത്തി.
ടെസ്റ്റുകള്‍ പാസായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അപേക്ഷാര്‍ത്ഥികള്‍ക്ക് നല്‍കാതെ സൂക്ഷിച്ച 327 ലൈസന്‍സുകള്‍ കണ്ടെത്തി.മദ്യാപാനമടക്കമുള്ള കുറ്റങ്ങളുടെ പേരില്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ശേഷവും നടപടിയെടുക്കാത്ത നിരവധി കേസുകളും പരിശോധനയില്‍ കണ്ടെത്തി.ഓഫീസിന് സമീപമുണ്ടായിരുന്ന ഏജന്റില്‍ നിന്നും 90 അപേക്ഷകള്‍ കണ്ടെത്തി.
വ്യക്തികള്‍ നേരിട്ടെത്തിയാല്‍ ഓഫീസില്‍ നിന്നും സേവനങ്ങള്‍ നല്‍കേറേയില്ലായിരുന്നുവെന്ന പരിശോധനയില്‍ വ്യക്തമായി.ലൈസന്‍സ്,വാഹന രജിസ്‌ട്രേഷന്‍ തുടങ്ങി ഓഫീസ് സംബന്ധമായ മുഴുവന്‍ കാര്യങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്ക് ഇടനിലക്കാര്‍ നിര്‍ബന്ധമായിരുന്നുവെന്നും പരിശോധനയില്‍ ബോധ്യമായി.റെയ്ഡില്‍ അഴിമതി തെളിഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.