
നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കേരളം 342 റൺസിന് പുറത്ത്. മൂന്നാം ദിനം 125 ഓവർ പിന്നിട്ടപ്പോൾ കേരളത്തിന്റെ പത്തുവിക്കറ്റും നഷ്ടമായി. മൂന്നാം സെഷനിൽ 98 റണ്‍സിൽ നിൽക്കേ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും എട്ടാമതായി ജലജ് സക്സേനയും (28) പുറത്തായത് കേരളത്തിന് വലിയ തിരിച്ചടിയായി. അര്‍ധ സെഞ്ചുറി നേടിയ ആദിത്യ സര്‍വാതെ, ഫോമിലുള്ള സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിൻ ബേബി, ജലജ്, നിധീഷ്, ഏദൻ ആപ്പിൾ ടോം എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം കേരളത്തിന് നഷ്ടമായത്. ഇതോടെ വിദർഭയ്ക്ക് 37 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്.
ഒരറ്റത്ത് ക്ഷമയോടെ നിലയുറപ്പിച്ച സച്ചിൻ ബേബി മൂന്നാംദിനം അവസാന സെഷനിൽ പാർഥ് രേഖാദെയുടെ പന്തിൽ കരുൺ നായർക്ക് ക്യാച്ച് നൽകി മടങ്ങി. 235 പന്തുകൾ നേരിട്ട ക്യാപ്റ്റൻ 98 റൺസാണ് നേടിയത്. പത്ത് ഫോറുകൾ ഉൾക്കൊള്ളുന്നതാണ് ഇന്നിങ്സ്. 76 പന്തുകൾ പിടിച്ചുനിന്ന ജലജ് സക്സേന 28 റൺസോടെയും ഏദൻ ആപ്പിൾ ടോം 10 റൺസോടെയും മടങ്ങി. പാർഥ് രാഖാദെയ്ക്കുതന്നെയാണ് വിക്കറ്റുകൾ രണ്ടും. എം.ഡി. നിധീഷിനെ (1) ഹർഷ് ദുബെയും മടക്കി. മൂന്നുവീതം വിക്കറ്റുകൾ നേടിയ ദർശൻ നാൽക്കണ്ഡെ, ഹർഷ് ദുബെ, പാർഥ് രേഖാദെ എന്നിവർ ചേർന്നാണ് ആദ്യ ഇന്നിങ്സ് വിദർഭയ്ക്ക് അനുകൂലമാക്കിയത്.
മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോര്‍ 170-ല്‍ എത്തിയപ്പോഴാണ് സര്‍വാതെയെ നഷ്ടമായത്. 185 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 79 റണ്‍സെടുത്ത താരത്തെ ഹര്‍ഷ് ദുബെ പുറത്താക്കുകയായിരുന്നു. ദുബെയുടെ ഫ്ളൈറ്റഡ് ഡെലിവറി ഫ്രണ്ട് ഫൂട്ടില്‍ ഡിഫന്‍ഡ് ചെയ്യാനുള്ള സര്‍വാതെയുടെ ശ്രമം പിഴയ്ക്കുകയായിരുന്നു. ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് ഡാനിഷ് മാലേവര്‍ അനായാസം കൈക്കലാക്കി. നാലാം വിക്കറ്റില്‍ സച്ചിന്‍ ബേബിയുമൊത്ത് 67 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് സര്‍വാതെ മടങ്ങിയത്.
പിന്നാലെ ടീം സ്‌കോര്‍ 219-ല്‍ നില്‍ക്കെയാണ് സല്‍മാന്‍ നിസാറിനെയും ടീമിന് നഷ്ടമായത്. ഹര്‍ഷ് ദുബെയുടെ പന്തിന്റെ ടേണ്‍ മനസിലാക്കാന്‍ സാധിക്കാതെ പാഡുകൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച സല്‍മാന്റെ കണക്കുകൂട്ടല്‍ തെറ്റുകയായിരുന്നു. പിച്ചിലെ പരുക്കന്‍ ഇടത്ത് കുത്തിയ പന്ത് അപ്രതീക്ഷിതമായ രീതിയില്‍ ടേണ്‍ ചെയ്തു. വിദര്‍ഭ താരങ്ങളുടെ എല്‍ബിഡബ്ല്യു അപ്പീലില്‍ അമ്പയറുടെ വിരലുയര്‍ന്നു. സല്‍മാന്‍ റിവ്യു എടുത്തെങ്കിലും ഫലമുണ്ടായില്ല. സച്ചിന്‍ – സല്‍മാന്‍ സഖ്യം 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയായിരുന്നു ഹര്‍ഷ് ദുബെയുടെ കടുംടേണ്‍.
ആറാം വിക്കറ്റില്‍ സച്ചിന്‍ ബേബിക്കൊപ്പം 59 റണ്‍സ് കൂട്ടിച്ചേര്‍ത്ത മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റാണ് പിന്നീട് കേരളത്തിന് നഷ്ടമായത്. 59 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറിയടക്കം 34 റണ്‍സെടുത്ത താരത്തെ ദര്‍ശന്‍ നല്‍കാണ്ടെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അസ്ഹറുദ്ദീന്‍ റിവ്യൂ എടുത്തെങ്കിലും അമ്പയേഴ്‌സ് കോള്‍ കേരളത്തിന് വിനയായി.
നേരത്തേ വിദര്‍ഭയെ ഒന്നാം ഇന്നിങ്‌സില്‍ 379 റണ്‍സിന് കേരളം പുറത്താക്കിയിരുന്നു. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രന്‍ (14), രോഹന്‍ കുന്നുമ്മല്‍ (0), നാലാമനായെത്തിയ അഹമ്മദ് ഇമ്രാന്‍ (37) എന്നിവരുടെ വിക്കറ്റുകള്‍ രണ്ടാം ദിനത്തില്‍ കേരളത്തിന് നഷ്ടമായത്.