കൊല്ലപ്പെട്ട ഗുസ്തി താരത്തെ സുശീല്‍ കുമാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: കൊലക്കേസില്‍ അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാര്‍ കൊല്ലപ്പെട്ട സാഗര്‍ റാണയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സുശീല്‍ കുമാറും സുഹൃത്തുക്കളും ചേര്‍ന്ന് വടി ഉപയോഗിച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് സുശീല്‍ കുമാറും സുഹൃത്തുക്കളും അറസ്റ്റിലായത്. മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 23കാരനായ സാഗര്‍ റാണയെ സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
നഗരത്തിലെ ഗുസ്തിക്കാര്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പോലീസ് പറഞ്ഞു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സാഗര്‍ റാണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. ഇതിനു പിന്നാലെ സുശീല്‍ കുമാര്‍ ഒളിവില്‍ പോകുകയായിരുന്നു. എന്നാല്‍ നാളുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സുശീല്‍ കുമാര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് അന്വേഷണം അട്ടിമറിക്കാതിരിക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും സാഗര്‍ റാണയുടെ പിതാവ് അശോകന്‍ ആവശ്യപ്പെട്ടു.
അതേസമയം സുശീല്‍ കുമാറിനെതിരെ മാധ്യമ വിചാരണയെന്നാരോപിച്ച് കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടി പരിഗണിക്കും. ഡല്‍ഹി പോലീസിന്റെ സഹായത്തോടെ മാധ്യമങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നു, കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നുമാണ് സുശീല്‍ കുമാറിന്റെ അമ്മ കമലാ ദേവി സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണം.