KeralaNews

കനത്ത ചൂട്:ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍വാഹനങ്ങളിലെ അഗ്നിബാധ ഒഴിവാക്കാം, എംവിഡി നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങളിലെ അഗ്‌നിബാധയും കൂടുന്നുണ്ടെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. ഇന്ധന ലീക്കേജും ഗ്യാസ് ലീക്കേജും അനധികൃതമായ ആള്‍ട്ടറേഷനുകളും ഫ്യൂസുകള്‍ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈനുകളും അധിക താപം ഉല്പാദിപ്പിക്കപ്പെടുന്ന ബള്‍ബുകളും തുടങ്ങി നിര്‍ത്തിയിടുന്ന പാര്‍ക്കിംഗ് സ്ഥലങ്ങള്‍ വരെ അഗ്‌നിബാധയ്ക്ക് കാരണമായേക്കാം. അഗ്‌നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങള്‍ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ട കാര്യമെന്ന് എംവിഡി അറിയിച്ചു. 

എംവിഡി പുറപ്പെടുവിച്ച പരിഹാര മാര്‍ഗങ്ങള്‍ ചുവടെ:

1. കൃത്യമായ ഇടവേളകളില്‍ മെയിന്റനന്‍സ് ചെയ്യുക. രാവിലെ വാഹനം നിര്‍ത്തിയിട്ടിരുന്ന തറയില്‍ ഓയില്‍/ഇന്ധന ലീക്കേജ് ഉണ്ടൊ എന്ന് പരിശോധിക്കുന്നതും ദിവസത്തില്‍ ഒരിക്കലെങ്കിലും ബോണറ്റ് തുറന്ന് പരിശോധിക്കുന്നത് ശീലമാക്കുക.
2. വാഹനത്തിന്റെ പുറം മാത്രമല്ല, എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ് വൃത്തിയാക്കി വയ്ക്കുന്നതും ഇത് ലീക്കേജ് കണ്ടെത്തുന്നതിനു മാത്രമല്ല, ചെറിയ അഗ്‌നിബാധ ഗുരുതരമായുന്നത് തടയുന്നതിനും ഇത് ഉപകാരപ്പെടും.
3. കൃത്യമായ ഇടവേളകളില്‍ ഗ്യാസ് ലൈനുകളില്‍ പരിശോധന നടത്തുകയും ഗ്യാസ് ലീക്ക്  ഉണ്ടോയെന്ന് എന്ന് ഇടയ്ക്കിടെ പരിശോധിക്കുകയും ഗ്യാസിന്റെ മണം അനുഭവപ്പെട്ടാല്‍ സര്‍വീസ് സെന്ററില്‍ കാണിച്ച് റിപ്പയര്‍ ചെയ്യുകയും ചെയ്യുക.
4. വാഹന നിര്‍മ്മാതാക്കള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതും നിയമവിധേയവുമായതുമായ പാര്‍ട്‌സുകള്‍ ഉപയോഗിക്കുന്നതും അനാവശ്യമായ ആള്‍ട്ടറേഷനുകള്‍ ഒഴിവാക്കുക.
5. ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്ത് ഉറപ്പിക്കണം.

6. പാനല്‍ ബോര്‍ഡ് വാണിംഗ് ലാംപുകളും, മീറ്ററുകളും സദാ നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളില്‍ കൂളന്റും എഞ്ചിന്‍ ഓയിലും മാറ്റുകയും ചെയ്യുക.
7. വലിയ വാഹനങ്ങളില്‍ പ്രൊപ്പല്ലര്‍ ഷാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകള്‍ ഘടിപ്പിക്കണം.
8. കന്നാസിലും ബോട്ടിലുകളിലും  മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും കര്‍ശനമായി ഒഴിവാക്കണം.
9. വളരെ ചൂടുള്ള കാലാവസ്ഥയില്‍ ഡാഷ് ബോര്‍ഡില്‍ വച്ചിട്ടുള്ള വാട്ടര്‍ ബോട്ടിലുകള്‍ ലെന്‍സ് പോലെ പ്രവര്‍ത്തിച്ച്  സീറ്റ് അപ്‌ഹോള്‍സ്റ്ററിയും പ്ലാസ്റ്റിക് ഭാഗങ്ങളും തീ പിടിച്ചിട്ടുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വാട്ടര്‍ ബോട്ടിലുകള്‍ സാനിറ്റൈസറുകള്‍ സ്‌പ്രേകള്‍ എന്നിവ ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
10. വിനോദ യാത്രകളും മറ്റും പോകുമ്പോള്‍ സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് വാഹനത്തില്‍ വച്ചാകരുത്.

11. വാഹനത്തിനകത്ത് ഇന്ധനം തീപ്പെട്ടി, ലൈറ്ററുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടുന്ന ശീലങ്ങളില്‍ ഒന്നാണ്.
12. ആംബുലന്‍സുകളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൃത്യമായി ബ്രാക്കറ്റുകള്‍ ഉപയോഗിച്ച് ഉറപ്പിക്കുകയും റെഗുലേറ്ററുകള്‍ക്ക് തകരാറുകള്‍ ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്യണം.
13. സാധാരണ വാഹനത്തിന്റെ  സീറ്റുകളും മറ്റും അഗ്നിബാധയെ ചെറുക്കുന്ന രീതിയിലുള്ള മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുക. എന്നാല്‍ പെട്ടെന്ന് തീ ആളിപ്പിടിക്കുന്ന റെക്‌സിന്‍ കവറുകളും പോളിയസ്റ്റര്‍ തുണി കവറുകളും അഗ്‌നി ആളിപ്പിടിക്കുന്നതിന് കാരണമാകാം. എന്നതിനാല്‍ തന്നെ ഒഴിവാക്കേണ്ടതാണ്. 
14. കൂട്ടിയിടികള്‍ അഗ്‌നിബാധയിലേക്ക് നയിക്കാം എന്നതിനാല്‍ തന്നെ സുരക്ഷിതമായും  ഡിഫന്‍സീവ് ഡ്രൈവിംഗ് രീതികള്‍ അനുവര്‍ത്തിച്ചു കൊണ്ടും വാഹനം ഓടിക്കുക.
15. എല്ലാ വാഹനങ്ങളിലും ചെറിയ ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ പെട്ടെന്ന് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ സൂക്ഷിക്കുക.
16. വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ ഉണങ്ങിയ ഇലകളോ പ്ലാസ്റ്റിക്കോ  മറ്റ് അഗ്‌നിബാധയ്ക്ക് സാധ്യതയുള്ള ഏതോ ആയ സ്ഥലങ്ങളോ ഒഴിവാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button