നാലു കിലോ സവാള വാങ്ങിയാല്‍ ഒരു ഷര്‍ട്ട് സൗജന്യം! കിടിലന്‍ ഓഫറുമായി കൊല്ലത്തെ പച്ചക്കറി വ്യാപാരി
കൊല്ലം: സംസ്ഥാനത്ത് പച്ചക്കറി വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രോത്സാഹനവുമായി പച്ചക്കറി വ്യാപാരി. നാലു കിലോ സവാള വാങ്ങുന്നവര്‍ക്ക് ഒരു ഷര്‍ട്ട് തികച്ചും സൗജന്യമായി നല്‍കിയാണ് കൊല്ലം കളക്ടറേറ്റിനടുത്ത് പച്ചക്കറി നടത്തുന്ന പ്രകാശ് എന്ന കച്ചവടക്കാരന്‍ രംഗത്ത് വന്നിരിക്കുന്നത്.
നാലു കിലോ സവാളയ്ക്ക് മുന്നൂറ് രൂപയാണ് വില. ഇതിനോടൊപ്പം സൗജന്യമായി നല്‍കുന്നതും മുന്നൂറ് രൂപയുടെ ഷര്‍ട്ടാണ്. ബംഗളൂരുവില്‍ നിന്ന് സുഹൃത്ത് വഴി എത്തിച്ച 50 ഷര്‍ട്ടുകളില്‍ 45 എണ്ണവും ഒറ്റ ദിവസം കൊണ്ട് തീര്‍ന്നുപോയി. 300 രൂപയുടെ സാധനത്തിന് ഷര്‍ട്ട് സൗജന്യമായി നല്‍കിയാല്‍ എന്താണ് ലാഭമെന്ന് ചോദിച്ചാല്‍ കൈനഷ്ടം തന്നെയെന്നാണ് പ്രകാശിന്റെ മറുപടി. എങ്കിലും ആകെ ലാഭത്തിന്റെ ഒരു വിഹിതം ഓഫറുകള്‍ക്കായി മാറ്റി വെയ്ക്കുന്നുവെന്ന് പ്രകാശ് പറയുന്നു.
കൂടാതെ കടയിലെത്തുന്നവര്‍ സന്തോഷത്തോടെ മടങ്ങുമ്പോള്‍ മനസിന് സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പച്ചക്കറി വാങ്ങുന്നവര്‍ക്ക് ഇടയ്ക്കിടെ പച്ചക്കറി തന്നെ ഓഫറായി നല്‍കാറുണ്ട്. ഇതിനു മുന്‍പ് പച്ചക്കറി വാങ്ങുന്നവര്‍ക്ക് സമ്മാനമായി ലോട്ടറിയാണ് കൊടുത്തിരുന്നത്. ഇതില്‍ 10 പേര്‍ക്ക് ലോട്ടറിയടിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ഞെട്ടിക്കുന്ന ഓഫറുകള്‍ മനസിലുണ്ടെന്ന് പ്രകാശ് പറയുന്നു.