27.8 C
Kottayam
Thursday, April 25, 2024

കുമ്മനത്തെ ഇറക്കി വട്ടിയൂര്‍ക്കാവ് പിടിക്കാന്‍ ബി.ജെ.പി; കളമൊരുങ്ങുന്നത് ശക്തമായ ത്രികോണ മത്സരത്തിന്

Must read

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കളമൊരുങ്ങുന്നത് ശക്തമായ ത്രികോണ മത്സരത്തിന്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചെങ്കിലും ബിജെപിയുടെ ആദ്യ പരിഗണന കുമ്മനത്തിന് തന്നെയാണെന്നാണ് വിവരം. കോണ്‍ഗ്രസ്സില്‍ സീറ്റ് മോഹികളുടെ എണ്ണം പെരുകുമ്പോള്‍ സീറ്റ് പിടിക്കാനുള്ള ആലോചനകളിലാണ് എല്‍ഡിഎഫ്. ശക്തമായ ത്രികോണ മത്സരമാകും ഇവിടെ അരങ്ങേറുക.
ഗവര്‍ണ്ണര്‍ പദവി രാജിവെപ്പിച്ച് കുമ്മനത്തെ എംപിയാക്കാനുള്ള ബിജെപിയുടെ നീക്കം പാളിയതോടെയാണ് വട്ടിയൂര്‍കാവില്‍ നിന്ന് നിയമസഭയിലെ രണ്ടാം താമരയെന്ന സ്വപ്‌നം കുമ്മനത്തിലൂടെ സഫലീകരിക്കാന്‍ ഒരുങ്ങുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാഴ്ചവച്ച പ്രകടനവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.മുരളീധരന് തൊട്ടുപിന്നിലെത്തിയതും കുമ്മനത്തിന്റെ പ്ലസ്സായാണ് പാര്‍ട്ടി കാണുന്നത്. കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ആര്‍എസ്എസിന്റേതാവും. കുമ്മനമില്ലെങ്കില്‍ ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് എസ് സുരേഷ് അടക്കമുള്ളവര്‍ക്കും സാധ്യതയുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ മുരളീധരന്‍ 7622 വോട്ടിനാണ് കുമ്മനത്തെ വീഴ്ത്തിയത്. ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ലീഡ് മൂവായിരമായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിന് ലീഡ് ലഭിച്ച സ്ഥലമായിരുന്നു ഇവിടം.

പത്മജാ വേണുഗോപാല്‍, പിസി വിഷ്ണുനാഥ്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെ.മോഹന്‍കുമാര്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുള്ളവര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വീണ്ടും മൂന്നാമത് പോയതിന്റെ നാണക്കേട് മാറ്റാന്‍ ഇടതിന് വട്ടിയൂര്‍കാവ് ജയം അനിവാര്യമാണ്. മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി.എന്‍.സീമ മൂന്നാം സ്ഥാനമായതും വിവാദമായിരുന്നു. എം വിജയകുമാര്‍, മേയര്‍ വികെ പ്രശാന്ത് എന്നിവരുടെ പേരാണ് എല്‍.ഡി.എഫില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week