തിരുവനന്തപുരം: വര്‍ക്കലയില്‍ തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് മരിച്ച അഞ്ച് പേരുടെ സംസ്‌കാരം ഇന്ന്. അഞ്ചുപേരുടെയും മൃതദേഹം വിലാപയാത്രയായി അപകടം നടന്ന രാഹുല്‍ നിവാസിലെത്തിക്കും. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയോടെ വീട്ടുവളപ്പില്‍ നടത്തും. അപകട മരണത്തില്‍ തുടര്‍നടപടികള്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചശേഷമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ തീയുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണസംഘം തീപിടുത്തം പുനരാവിഷ്‌കരിച്ചിരുന്നു. പൊലീസും ഇലക്ട്രിക്കല്‍ ഇന്‍ പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഫൊറന്‍സിക്കും ചേര്‍ന്നാണ് തീപിടുത്തം പുനരാവിഷ്‌കരിച്ചത്. തീ പടര്‍ന്നതിന്റെ ഉറവിടം കണ്ടെത്താന്‍ ഫൊറന്‍സിക് ഫലമെത്തണം. തീ പടര്‍ന്നത് കാര്‍ പോര്‍ച്ചില്‍ നിന്നോ വീട്ടിനുള്ളില്‍ നിന്നോ ആകാമെന്നാണ് നിഗമനം.
അതേസമയം സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത് തീപിടുത്തത്തിന്റെ പ്രതിഫലനമാണെന്ന് വിദഗ്ധ സംഘം അറിയിച്ചു. വെട്ടം മതിലില്‍ പതിച്ചതിന്റെ പ്രതിഫലനമാണിത്. ഹാര്‍ഡ് ഡിസ്‌ക്ക് കത്തി നശിച്ചതിനാല്‍ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായിട്ടില്ല. ഇതിനായി സി ഡാക്കിന്റെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു.
മാര്‍ച്ച് 8 ന് പുലര്‍ച്ചെയായിരുന്നു വര്‍ക്കലയില്‍ ചെറുന്നിയൂരില്‍ വീടിന് തീപിടിച്ചത്. പ്രതാപന്‍ (62), ഭാര്യ ഷെര്‍ലി(52), മകന്‍ അഖില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്തമകന്‍ നിഖിലിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. നിഖിലിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ബന്ധുക്കള്‍ അറിയിച്ചു.