KeralaNews

ജയസൂര്യയ്ക്കെതിരായ പരാതി; ‘പണത്തിന് ആവശ്യമുണ്ടോയെന്നാണ് ചോദ്യം’,പിൻമാറാൻ സമ്മർദ്ദമുണ്ടെന്ന് പരാതിക്കാരി

കൊച്ചി:ജയസൂര്യയ്ക്ക് എതിരായ പരാതിയില്‍നിന്ന് പിന്മാറാൻ പലവിധ സമ്മർദ്ദവും ഉണ്ടെന്ന് പരാതിക്കാരി. ഭീഷണിപ്പെടുത്തുകയല്ല പകരം സ്നേഹത്തോടെയുള്ള ഉപദേശങ്ങളാണ് വരുന്നത്. ഇനി മാധ്യമങ്ങളെ കാണരുതെന്ന് പറഞ്ഞ് പുരുഷന്മാരും സ്‍ത്രീകളും അടക്കം ഫോണി‍ല്‍ വിളിക്കുന്നുണ്ട്. പക്ഷേ പരാതിയില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനമെന്നും പരാതിക്കാരി പറഞ്ഞു.

ഈ സംഭവത്തിൽ സാക്ഷികളൊന്നുമില്ല. ആരെങ്കിലും ഒപ്പം ഉണ്ടാകുമ്പോൾ അയാൾ കയറി പിടിക്കില്ലല്ലോ. മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് വിളിക്കുന്നവർ ആവശ്യപ്പെടുന്നത്. എനിക്ക് മാധ്യമങ്ങളുടെ പിന്തുണയാണ് ഉള്ളത്. അതുകൊണ്ട് ഇനിയും കാണും. പൈസയ്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ച് ഒരു ഓഡിയോ വന്നിരുന്നു. ഇതൊക്കെ അവർ അറിയുന്നുണ്ടോയെന്ന് അറിയില്ല. തത്കാലം എനിക്ക് പൈസക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് ഞാൻ ആ കോൾ അവസാനിപ്പിച്ചു. ജയസൂര്യയുടെ വലിയൊരു സിനിമ ഇറങ്ങാന്‍ പോകുകയാണ്, ആ സിനിമയെ ഈ കേസ് ബാധിക്കില്ലേയെന്നും ഒരാള്‍ ചോദിച്ചിരുന്നു.

വിരട്ടി ഭീഷണിപ്പെടുത്തുന്നില്ലെന്നേ ഉള്ളൂ. ഞാൻ സ്പെഷ്യൽ ടീമിന്റെ സംരക്ഷണയിലാണല്ലോ. അപ്പോൾ ഭീഷണിപ്പെടുത്തിയാൽ അത് പ്രശ്നമാകുമെന്ന് കരുതി കാണും. മാധ്യമപ്രവർത്തകരാണെന്നൊക്കെ പറഞ്ഞ് വിളിക്കുന്നുണ്ട്. ഈ കേസുമായി മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിച്ചതാണ്. എനിക്ക് ചെറിയ കാര്യമേ സംഭവിച്ചിട്ടുള്ളൂ. പക്ഷെ പത്ത് പതിമൂന്ന് കൊല്ലമായി എന്റെ മുന്നിൽ നടക്കുന്ന പല കാര്യങ്ങളും കണ്ട് മനസ് വിഷമിച്ചിരിക്കുന്ന ആളാണ് ഞാൻ. മുഴുവൻ സ്ത്രീകൾക്ക് വേണ്ടിയാണ് എന്റെ പോരാട്ടം. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ ഇത്തരമൊരു കാര്യം പറയേണ്ട ആവശ്യം എനിക്ക് ഇല്ല.

സിനിമാ മേഖലയില്‍ ഒരുപാട് മോശം കാര്യങ്ങള്‍ കണ്ടിട്ടുണ്ട്. അത് പോകെപ്പോകെ വെളിപ്പെടുത്തും. ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ ചർച്ചയുണ്ടായപ്പോൾ മാധ്യമങ്ങൾ തന്നോട് പ്രതികരണം തേടിയതോടെയാണ് 2013 ൽ ഒരു സൂപ്പർ താരത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായി എന്ന് ഞാൻ പറഞ്ഞത്. അപ്പോഴും ഞാൻ ആളുടെ പേര് പറഞ്ഞിരുന്നില്ല. എന്റെ വീട്ടിൽ നിന്നും അതിന് കൺസന്റ് ഉണ്ടായിരുന്നില്ല. പിന്നീട് രണ്ട് കോടി രൂപ ഞാൻ വാങ്ങിയെന്ന ആരോപണം വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ 4000 രൂപയ്ക്ക് വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരു പണവും ഞാൻ വാങ്ങിയിട്ടില്ല.

ആത്മാഭിമാനത്തെ ചോദ്യം ചെയ്ത് സംസാരിക്കുകയാണ്. തെറ്റ് ചെയ്തതും അവരാണ് പലതും പറയുന്നതും അവരാണ്. ഈ സംഭവത്തിൽ മക്കളോട് പറ‍ഞ്ഞു, ഞാനീ നാട്ടിൽ നിന്നേ പോകുമെന്ന് പറഞ്ഞപ്പോഴാണ് മക്കൾ പേര് വെളിപ്പെടുത്താൻ പറഞ്ഞത്.

പോലീസിന് കൃത്യമായ മൊഴി നൽകിയിട്ടുണ്ട്. കൂത്താട്ടുകുളത്തിനടുത്തുള്ള പന്നിഫാമില്‍ തന്നെ കൊണ്ടുപോയിരുന്നു. ചെറിയ മാറ്റങ്ങള്‍ ഉണ്ടെങ്കിലും കൃത്യം നടന്ന സ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ട്. അന്നവിടെ ഒരു ചെറിയ ബദാം മരമുണ്ടായിരുന്നു. ഇപ്പോഴത് വലുതായിട്ടുണ്ട്. ഇനി മജിസ്‌‍ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കുമെന്നും അവർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker