ഏറ്റുമാനൂർ: 8 മിനിറ്റ് വൈകി പിറവത്ത് നിന്ന് പുറപ്പെട്ട വഞ്ചിനാട് ഇന്ന് കോട്ടയം കയറിയപ്പോൾ ലേറ്റ് മിനിറ്റുകൾ 5 മിനിറ്റിലേയ്ക്ക് ചുരുങ്ങി…
അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ച ദിവസങ്ങളിലും സമയ നഷ്ടമില്ലെന്ന് മാത്രമല്ല, ലേറ്റ് മിനിറ്റുകളിൽ കുറവ് വരുത്തിയാണ് വഞ്ചിനാട് കോട്ടയം സ്റ്റേഷനിലെത്തിച്ചേർന്നത്. ഏറ്റുമാനൂരിൽ വഞ്ചിനാടിന്റെ സ്റ്റോപ്പ് സ്ഥിരപ്പെടുത്തിയാലും നിലവിലെ ഷെഡ്യൂളിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് ഇതിൽ നിന്ന് വ്യക്തമായിരിക്കുകയാണ്.
ജില്ലയുടെ കിഴക്കൻ കാവാടമായ ഏറ്റുമാനൂരിൽ വഞ്ചിനാടിന് സ്റ്റോപ്പ് വേണമെന്നത് യാത്രക്കാരുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണ്. അമൃത് ഭാരത് പദ്ധതിയിലൂടെ മുഖം മിനുക്കുന്ന ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ തിരുവനന്തപുരത്തേയ്ക്കുള്ള വഞ്ചിനാടിന് താത്കാലിക സ്റ്റോപ്പ് പരിഗണിക്കുന്നത് ഇതാദ്യമായാണ്. ഈ വർഷം സ്റ്റോപ്പ് പരിഗണിച്ചതിലൂടെ യാത്രക്കാരുടെ പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളച്ചിരിക്കുകയാണ്.
റെയിൽവേ ജനറൽ മാനേജർ ഏറ്റുമാനൂർ സ്റ്റേഷൻ സന്ദർശിച്ചപ്പോളും യാത്രക്കാർ മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു വഞ്ചിനാടിന്റെ സ്റ്റോപ്പ്. കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യനും വഞ്ചിനാടിന് സ്റ്റോപ്പ് നേടിയെടുക്കുന്നതിൽ ഇടപെടൽ നടത്താമെന്ന് അറിയിച്ചിരുന്നു. കോട്ടയം എം പി ഫ്രാൻസിസ് ജോർജ്ജ് നടത്തിയ ജനസദസ്സിലും പ്രധാന ആവശ്യമായി ഉയർന്നത് വഞ്ചിനാടിന് വേണ്ടിയുള്ള ശബ്ദമായിരുന്നു.