കാഴ്ചയുടെ പരിമിതികളെ വകവെക്കാതെ സംഗീതത്തില്‍ വെള്ളി വെളിച്ചം വീശുന്ന മലയാളികളുടെ പ്രിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചു കിട്ടും എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വിജയലക്ഷ്മി തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
വിജയലക്ഷ്മിക്ക് കാഴ്ച തിരികെ കിട്ടാനുള്ള ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലാണ് ചികിത്സ നടക്കുന്നത്. കാഴ്ച തിരികെ കിട്ടുമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഉറപ്പ് പറഞ്ഞിട്ടുണ്ടെന്ന് മാതാപിതാക്കള്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. ഞരമ്പിന്റെ പ്രശ്നമാണ്. ഗുളിക കഴിച്ചുകൊണ്ടാണ് ഇരിക്കുന്നത്. ഈ ഗുളിക കഴിക്കുമ്പോള്‍ മാറ്റം ഉണ്ടാകുമെന്നാണ് അവര്‍ പറയുന്നത്. ആദ്യ സ്‌കാന്‍ റിപ്പോര്‍ട്ട് ആയച്ചു. രണ്ടാമതും സ്‌കാന്‍ ചെയ്ത് റിപ്പോര്‍ട്ട് അയക്കേണ്ടതുണ്ട്. കോറോണ വന്നതുകാരണം ഒന്നും നടക്കുന്നില്ല. പുരോഗതി അനുസരിച്ച് വേണം ഓരോ കാര്യങ്ങളും അവര്‍ക്ക് ചെയ്യാന്‍. അമേരിക്കയില്‍ സ്പോണ്‍സര്‍മാരാണ് എല്ലാം ചെയ്യുന്നതെന്നും വൈക്കം വിജയലക്ഷ്മിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
ഒന്നര വയസുമുതല്‍ സംഗീതത്തില്‍ താത്പര്യമുണ്ടായിരുന്നു എന്ന് വൈക്കം വിജയലക്ഷ്മി പറഞ്ഞു. ഗാനങ്ങള്‍ മൂളാന്‍ ഈ ചെറുപ്രായത്തില്‍ തന്നെ ആരംഭിച്ചിരുന്നു. അച്ഛനും അമ്മയുമാണ് തന്റെ സംഗീതത്തിലെ വാസന തിരിച്ചറിഞ്ഞത്. അഞ്ച് വയസുവരെ ചെന്നൈയില്‍ ആയിരുന്നു. അച്ഛന് അവിടെയായിരുന്നു ജോലി.
അവിടെ വെച്ച് ഒന്നര വയസ് മുതല്‍ താന്‍ പാടാന്‍ തുടങ്ങിയിരുന്നെന്ന് അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ട്. തന്റെ അഞ്ചാം വയസിലാണ് കേരളത്തില്‍ വൈക്കത്ത് എത്തുന്നത്. ദാസേട്ടന്റെയും ബാലമുരളി സാറിന്റെയും ഒക്കെ കാസറ്റ് കേട്ടാണ് പാട്ട് പഠിച്ചത്. ആറാം വയസില്‍ വൈക്കം ടിബി ഹാളില്‍ വെച്ച് ദാസേട്ടന് ഗുരുദക്ഷിണ സമര്‍പ്പിച്ചു. അദ്ദേഹത്തോടൊപ്പം ഗാനമേളയില്‍ പാടാന്‍ സാധിച്ചു.- വിജയലക്ഷ്മി പറഞ്ഞു.