
തൃശൂര്‍: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ പിടിച്ചു കുലുക്കിയ, വിവാദമായ തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മാണം പുനരാരംഭിക്കണമെന്ന് ആവശ്യം. ലൈഫ് മിഷന്റെ ഭാഗമായി സ്വന്തമായി വീടും ഭൂമിയുമില്ലാത്ത 140 കുടുംബങ്ങള്‍ക്കായി വടക്കാഞ്ചേരി നഗരസഭയിലെ ചരല്‍പറമ്പില്‍ നിര്‍മാണമാരംഭിച്ച ഫ്‌ളാറ്റ് സമുച്ചയത്തിന്റെയും ആശുപത്രിയുടെയും നിര്‍മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ. നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു.
നിയമവശങ്ങള്‍ പരിശോധിച്ച് നിര്‍മാണം എത്രയും വേഗം പുനരാരംഭിക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതായി മന്ത്രി എം.ബി. രാജേഷ് സബ്മിഷന് മറുപടിയായി നിയമസഭയെ അറിയിച്ചു.
തലപ്പിള്ളി താലൂക്കില്‍ വടക്കാഞ്ചേരി വില്ലേജില്‍പ്പെട്ട 1.3 ഹെക്ടര്‍ റവന്യൂ ഭൂമി, ഉടമസ്ഥാവകാശവും നിയന്ത്രണവും റവന്യൂ വകുപ്പില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട് വടക്കാഞ്ചേരി നഗരസഭയ്ക്ക് കൈമാറുകയും ഈ ഭൂമിയില്‍ 140 വീടുകളും ആശുപത്രി കെട്ടിടവും ചേര്‍ന്ന സമുച്ചയം നിര്‍മിച്ച് ലൈഫ് മിഷന് കൈമാറുന്നതിനായി യു.എ.ഇ.റെഡ് ക്രസന്റുമായി ധാരണയില്‍ എത്തുകയും ചെയ്തിരുന്നു. പ്രളയ പുനര്‍ നിര്‍മാണത്തിന് സഹായവുമായി സമീപിച്ച നിരവധി ഏജന്‍സികളില്‍ ഒന്നായിരുന്നു യു.എ.ഇ. റെഡ് ക്രസന്റ്. ഫ്‌ളാറ്റും ആശുപത്രിയും നിര്‍മിക്കുന്നതിന് യു.എ.ഇ. റെഡ് ക്രസന്റും നിര്‍മാണ ഏജന്‍സികളുമായാണ് കരാര്‍ ഉണ്ടാക്കിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെയും ആശുപത്രിയുടെയും നിര്‍മാണം പുരോഗമിക്കവെയാണ് അന്നത്തെ വടക്കാഞ്ചേരി എം.എല്‍.എ. പദ്ധതികളില്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സി.ബി.ഐക്ക് പരാതി നല്‍കിയത്. ആരോപണങ്ങളുടെയും പരാതികളുടെയും മാധ്യമ വാര്‍ത്തകളുടെയും വ്യവഹാരങ്ങളുടെയും സാഹചര്യത്തില്‍ കരാറുകാരന്‍ നിര്‍മാണ പ്രവര്‍ത്തന നിര്‍ത്തിവച്ചിരിക്കുകയാണ്.
ഇപ്പോള്‍ ഈ പ്രദേശമാകെ കാടുകയറി കിടക്കുകയാണ്. നിര്‍മിച്ച കെട്ടിടങ്ങളുടെ സാങ്കേതിക ക്ഷമത പരിശോധിച്ചതിന്റെ ഭാഗമായി ഇതില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. കെട്ടിടങ്ങള്‍ ബലക്ഷമതയോടെ തന്നെ നിലനില്‍ക്കുന്നു. ആയതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട വ്യവഹാര നടപടികള്‍ വേഗത്തില്‍ അവസാനിപ്പിക്കുകയും ഫ്‌ളാറ്റ് സമുച്ചയത്തിന്റെയും ആശുപത്രിയുടെയും പൂര്‍ത്തീകരണത്തിനായുള്ള തുക ലൈഫ് മിഷനോ ഗവണ്‍മെന്റോ കണ്ടെത്തിക്കൊണ്ട് അപ്രോച്ച് റോഡ്, കുടിവെള്ളം ഉറപ്പുവരുത്താന്‍ വാട്ടര്‍ ടാങ്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍, വൈദ്യുതി ലഭ്യത, ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ എന്നിവ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ. സബ്മിഷനിലൂടെ നിയമസഭയില്‍ ആവശ്യപ്പെട്ടു.