25.4 C
Kottayam
Friday, May 17, 2024

വാക്‌സിനുകളുടെ ഇടവേള: ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍,കേരളത്തില്‍ വീണ്ടും വാക്‌സിന്‍ ക്ഷാമം

Must read

കൊച്ചി: വാക്സിൻ ഡോസുകളുടെ ഇടവേളയുടെ കാര്യത്തിൽ ഇളവു നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇളവ് നൽകണമെന്ന് കിറ്റക്സ് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്.
കോവിഷീൽഡ് വാക്സിന്റെ ഇടവേള 84 ദിവസമായി നിശ്ചയിച്ചിരിക്കുന്നത് ശാസത്രീയ പഠനങ്ങളുടേയും വിദഗ്ധ അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തിലാണ്.രാജ്യത്തിനകത്ത് ആ ഇടവേളകളിൽ മാറ്റം വരുത്താൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാർ രേഖാമൂലം അറിയിച്ചിരിക്കുന്നത്.

വിദേശത്തേക്ക് അടിയന്തരമായി പോകേണ്ടവർക്ക് മാത്രമാണ് ഇളവ് നൽകാൻ സാധിക്കുക. രാജ്യത്തിനകത്തുള്ള തൊഴിൽ മേഖലകളിൽ അടക്കമുള്ളവർക്ക് ഇതിൽ യാതൊരു ഇളവും നൽകാൻ കഴിയില്ല.സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി വാക്സിൻ വാങ്ങുന്നവർക്ക് ഇടവേളയുടെ കാര്യത്തിൽ സ്വതന്ത്ര്യമായി തീരുമാനമെടുക്കാനുള്ള അവകാശം നൽകി കൂടെ എന്നതായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് നിലാപാട് ആരായുകയായിരുന്നു.

കേന്ദ്രസർക്കാർ നേരത്തെ തന്നെ ചില വിഭാഗങ്ങൾക്ക് ഇളവ് നൽകിയിരുന്നു. കോവിഷീൽഡ് നിർമാതാക്കളായ ആസ്ട്ര സെനിക്കയുടെ മെഡിക്കൽ രേഖകൾ പ്രകാരം 24 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ എടുക്കാമെന്നാണ് വ്യക്തമാക്കുന്നതെന്നാണ് ഹർജിക്കാരുടെ വാദം. വിദേശ പൗരന്മാർക്കും വിദേശത്തേക്ക് ചികിത്സക്കായി പോകുന്നവർക്കും കേന്ദ്രം ഇളവ് നൽകിയിരുന്നു. എന്നാൽ രാജ്യത്തിനകത്ത് ജോലി ചെയ്യുന്നവരുടെ കാര്യത്തിലും മറ്റ് വിദേശത്തേക്ക് പോകാത്ത പൗരന്മാരുടെ കാര്യത്തിലും ഇളവ് അനുവദിക്കാൻ സാധിക്കില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

അതിനിടെ മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വാക്സിൻ ക്ഷാമം. ആറു ജില്ലകളിൽ കോവിഷീൽഡ് വാക്സിൻ ഇല്ല. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കോവിഷീൽഡ് വാക്സിൻ പൂർണ്ണമായും തീർന്നതായാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇനി ബാക്കിയുള്ള 1.4 ലക്ഷം ഡോസ് വാക്സിൻ മാത്രമാണ്. എല്ലാ ജില്ലകളിലും കുറഞ്ഞ തോതിൽ കൊവാക്സിനാണ് സ്റ്റോക്ക് ഉള്ളത്.എത്രയും വേഗത്തിൽ കൂടുതൽ വാക്സിനുകൾ സംസ്ഥാനത്ത് എത്തിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ആവശ്യപ്പെട്ടു. എന്നാൽ വാക്സിൻ എപ്പോഴാണ് സംസ്ഥാനത്ത് എത്തുക എന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

ഈ മാസം 30-നകം 18 വയസ്സ് കഴിഞ്ഞ എല്ലാവരുടേയും ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. എന്നാൽ വാക്സിൻ ക്ഷാമം തുടർന്നാൽ ലക്ഷ്യത്തിന് ഒരു തിരിച്ചടിയാകും. അതുകൊണ്ട് വൈകാതെ തന്നെ വാക്സിൻ സംസ്ഥാനത്ത് എത്തിക്കണമെന്ന ആവശ്യമാണ് കേന്ദ്രത്തോട് കേരളം ഉന്നയിച്ചിരിക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week