പാലക്കാട്: തൊണ്ടിമുതൽ മോഷണ കേസിൽ ആന്‍റണി രാജുവിനെതിരായ നിർണായക രേഖ പുറത്ത് സാഹചര്യത്തില്‍ പ്രതികരണവുമായി മുന്‍ എംഎല്‍എ വി ടി ബല്‍റാം. ആന്‍റണി രാജു രാജിവെയ്ക്കുമ്പോള്‍ ഉയോഗിക്കാനുള്ള ‘ക്യാപ്‍സ്യൂള്‍’ പങ്കുവെച്ച് കൊണ്ടാണ് ബല്‍റാമിന്‍റെ പരിഹാസം. വേറൊന്നിന്‍റെയും പേരിലല്ലല്ലോ, ജട്ടി കട്ടതിനല്ലേ! അഭിമാനിക്കുന്നു സഖാവേ നിങ്ങളെയോർത്ത്… എന്ന ക്യാപ്‍സ്യൂള്‍ ഉപയോഗിക്കാമെന്ന് മുന്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.
മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണ കേസിലെ രേഖകളാണ് പുറത്ത് വന്നിട്ടുള്ളത്. ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചത്. 16 വർഷം മുമ്പാണ് ആന്‍റണി രാജുവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും തൊണ്ടി മുതൽ വാങ്ങിയതും നൽകിയതും ആന്‍റണി രാജുവാണ്. എന്നാല്‍, കേസില്‍ ഇതുവരെ വിചാരണ നടപടി തുടങ്ങിയിട്ടില്ല.
തൊണ്ടിമുതല്‍ കേസില്‍ ജാമ്യത്തിലാണെന്നും കോടതി തീരുമാനിക്കട്ടെയെന്നും ആന്‍റണി രാജു പ്രതികരിച്ചു. കേസിന്‍റെ കാര്യം തെരഞ്ഞെടുപ്പ് സമയത്ത് പരസ്യപ്പെടുത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറ്റപത്രം സമർപ്പിച്ച് 16 വർഷം കഴിഞ്ഞിട്ടും ആന്‍റണി രാജു പ്രതിയായ കേസിലെ വിചാരണ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. മയക്കുമരുന്ന കേസിലെ പ്രതിയായ വിദേശിയെ കേസിൽ നിന്നും രക്ഷപ്പെടാൻ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന ഗുരുതരമായ കേസിൽ വിചാരണ വേഗത്തിലാക്കാൻ പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടിട്ടില്ല.
കുറ്റപത്രം സമർപ്പിച്ച 22 പ്രാവശ്യവും കേസ് പരിഗണിച്ച് മാറ്റിവയ്ക്കുകയായിരുന്നു. ആന്‍റണി രാജുവിനെതിരായ കുറ്റപത്രം അനുബന്ധരേഖകളും പുറത്തുവന്നിരുന്നു.. ഗൂഢാലോചന, രേഖകളിൽ കൃത്രിമം, വഞ്ചന, രേഖകളിൽ കൃത്രിമം കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് ആന്‍റണി രാജുവിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. കേസിൽ ജാമ്യമെടുത്ത ആന്‍റണി രാജു തെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിയുമായി.
ഇതോടെ മയക്കുമരുന്ന് കേസിലെ പ്രതിയെ സഹായിച്ചുവെന്ന ഗുരുതര കുറ്റകൃത്യത്തിലെ വിചാരണ വേഗത്തിലാക്കാൻ സർക്കാരും കോടതിയെ സമീപിച്ചിട്ടില്ല. ഇതേ കേസിൽ പ്രതിയായതിനാൽ 2006ൽ ആന്‍റണി രാജുവിന് സീറ്റ് നിഷേധിച്ചിരുന്നു. എന്നാൽ കേസില്‍ പ്രതിയായ വിവരമുള്‍പ്പെടെ പരസ്യം നൽകിയ ശേഷമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും തന്‍റെ അഭിഭാഷകൻ കൃത്യമായി കോടതിയിൽ ഹജരാകുന്നുണ്ടെന്നുമാണ് മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം.