KeralaNewsRECENT POSTS

‘ഇതെന്റെ എസ്.എഫ്.ഐ അല്ല, എന്റെ എസ്.എഫ്.ഐ ഇങ്ങനെയല്ല’; പരിഹാസവുമായി വി.ടി ബല്‍റാം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐക്കാര്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി വി.ടി. ബല്‍റാം. കൂട്ടത്തിലൊരുത്തന്റെ നെഞ്ചില്‍ത്തന്നെ കത്തികേറ്റിയത് കണ്ടപ്പോഴാണ് അവര്‍ക്ക് യൂണിറ്റ് കമ്മിറ്റി ചീത്തയായി തോന്നുന്നത്. ഇപ്പോള്‍ മാത്രമാണ് ബഹു. സ്പീക്കര്‍ക്ക് ലജ്ജാഭാരം കൊണ്ട് തലകുനിയുന്നതായി തോന്നിയത്. ഇപ്പോള്‍ മാത്രമാണ് മാധ്യമ, സാംസ്‌ക്കാരിക രംഗങ്ങളിലെ എക്‌സ് എസ്എഫ്‌ഐക്കാര്‍ക്ക് ‘ഇതെന്റെ എസ്എഫ്‌ഐ അല്ല, എന്റെ എസ്എഫ്‌ഐ ഇങ്ങനെയല്ല” എന്ന ഗൃഹാതുരവിലാപം ഉയര്‍ത്താന്‍ സമയമായതെന്ന് വിടി ബെല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

 

യൂണിവേഴ്സിറ്റി കോളേജിലെ ”നല്ല എസ്എഫ്ഐ’യും ”ചീത്ത എസ്എഫ്ഐ’യും തമ്മിലുള്ള തര്‍ക്കത്തിലും കത്തിക്കുത്തിലും ഇതുവരെ അഭിപ്രായം പറയാതിരുന്നത് മനപ്പൂര്‍വ്വമാണ്. അങ്ങനെ രണ്ട് തരം എസ്എഫ്ഐ ഇല്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലുമാണ്. പാട്ടുപാടാനുള്ള അവകാശത്തിനായി ഇപ്പോഴവിടെ ‘ഞങ്ങളും എസ്എഫ്ഐക്കാരാണ്, ഇവിടെ എല്ലാവരും എസ്എഫ്ഐക്കാര്‍ തന്നെയാണ്’ എന്ന് ആണയിട്ട് ഔദ്യോഗിക യൂണിറ്റ് നേതൃത്വത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്ന ആണ്‍/പെണ്‍കുട്ടികളോട് കാര്യമായ അനുഭാവമൊന്നും തോന്നാതിരിക്കുന്നതും അവര്‍ തമ്മിലുള്ള കേവല വ്യത്യാസം ജനാധിപത്യവിരുദ്ധതയുടേയും അസഹിഷ്ണുതയുടേയും തീവ്രതയുടെ അളവുകളില്‍ മാത്രമാണ് എന്ന് തിരിച്ചറിയുന്നത് കൊണ്ടാണ്.

യൂണിവേഴ്സിറ്റി കോളേജില്‍ യൂണിറ്റിടാന്‍ ചെന്ന കെഎസ് യു ക്കാരെ അതിക്രൂരമായി തല്ലിയോടിക്കുമ്‌ബോള്‍ ഇപ്പോഴത്തെ ഈ ‘നല്ല എസ്എഫ്ഐക്കാര്‍’ അത് ചെയ്യാന്‍ മുന്നിലുണ്ടായിരുന്നിരിക്കണം, കുറഞ്ഞപക്ഷം അതിനെ മനസ്സുകൊണ്ട് ആസ്വദിച്ചിട്ടെങ്കിലുമുണ്ടായിരിക്കണം. എഐഎസ്എഫ് പോലുള്ള മറ്റ് ഇടതുസംഘടനകളെപ്പോലും നിലം തൊടീക്കാതെ സമ്ബൂര്‍ണ്ണ ഏകധ്രുവ കോളേജായി അതിനെ ഇത്രനാളും നിലനിര്‍ത്തിയതും നാളെയും അങ്ങനെത്തന്നെ നിലനിര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നതും ഇവരൊക്കെക്കൂടിത്തന്നെയാണ്. ദലിത് വിദ്യാര്‍ത്ഥികളേയും ഫെമിനിസ്റ്റുകളേയും പല അവസരങ്ങളിലായി ക്രൂരമായി അടിച്ചമര്‍ത്തിയപ്പോള്‍ നിസ്സംഗത പാലിച്ചതും ഇവരൊക്കെത്തന്നെയാണ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ഏകപക്ഷീയമായി, എതിരായി ഒരു നോമിനേഷന്‍ പോലുമില്ലാതെ എസ്എഫ്ഐയെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചുകൊണ്ടിരുന്നത് ഇവര്‍ കൂടിയാണ്. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ കൂട്ടത്തിലൊരുത്തന്റെ നെഞ്ചില്‍ത്തന്നെ കത്തികേറ്റിയത് കണ്ടപ്പോഴാണ് അവര്‍ക്ക് യൂണിറ്റ് കമ്മിറ്റി ചീത്തയായി തോന്നുന്നത്. ഇപ്പോള്‍ മാത്രമാണ് ബഹു. സ്പീക്കര്‍ക്ക് ലജ്ജാഭാരം കൊണ്ട് തലകുനിയുന്നതായി തോന്നിയത്. ഇപ്പോള്‍ മാത്രമാണ് മാധ്യമ, സാംസ്‌ക്കാരിക രംഗങ്ങളിലെ എക്സ് എസ്എഫ്ഐക്കാര്‍ക്ക് ‘ഇതെന്റെ എസ്എഫ്ഐ അല്ല, എന്റെ എസ്എഫ്ഐ ഇങ്ങനെയല്ല” എന്ന ഗൃഹാതുരവിലാപം ഉയര്‍ത്താന്‍ സമയമായത്.

മാധ്യമ, ബൗദ്ധിക, സാംസ്‌ക്കാരിക രംഗങ്ങളിലെ പാര്‍ട്ടി അടിമകള്‍ നല്‍കിപ്പോരുന്ന ആശയ/പ്രത്യയശാസ്ത്ര ലെജിറ്റിമസിയാണ് എസ്എഫ്ഐ എന്ന കമ്മ്യൂണിസ്റ്റ് ക്രിമിനല്‍ക്കൂട്ടത്തിന് എന്നും തുണയാകുന്നത്. എസ്എഫ്ഐയെ തിരുത്താനുള്ള ശ്രമം ആത്മാര്‍ത്ഥമാണെങ്കില്‍ ആദ്യം പിന്‍വലിക്കേണ്ടത് ഈ കപട ലെജിറ്റിമസിയാണ്. അങ്ങനെയൊന്ന് കാണുന്നില്ലെന്ന് മാത്രമല്ല, എങ്ങനെയെങ്കിലും ഈ വിവാദങ്ങളില്‍ നിന്ന് തലയൂരി എസ്എഫ്ഐയെ റീബ്രാന്‍ഡ് ചെയ്തെടുക്കാനുള്ള ശ്രമമാണ് ആസ്ഥാന ബുദ്ധിജീവികള്‍ തുടങ്ങിവച്ചിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ നോക്കൂ, ഭാരതീയ സംസ്‌ക്കാരത്തിലും കേരളീയ കുടുംബബന്ധങ്ങളിലുമുള്ള ആണ്‍കോയ്മയും അക്രമോത്സുകതയുമൊക്കെ ചര്‍ച്ചയാക്കി വിഷയത്തെ വിശാല കാന്‍വാസിലേക്ക് പറിച്ചുനടാനാണ് പല ബുദ്ധിജീവികളുടേയും ശ്രമം. എന്നാല്‍ അവരിലാരും തന്നെ കമ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തിലും ലോകം മുഴുവനുമുള്ള അതിന്റെ പ്രയോഗചരിത്രത്തിലുമുള്ള ഹിംസാത്മകതയും ജനാധിപത്യ വിരുദ്ധതയും ചര്‍ച്ചയാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതായും കാണാം. അല്ലെങ്കില്‍ത്തന്നെ കമ്മ്യൂണിസം മാനവികതയുടെ പ്രത്യയശാസ്ത്രമാണ് എന്ന അബദ്ധധാരണ ഇന്നും കുറേയേറെപ്പേര്‍ വച്ചുപുലര്‍ത്തുന്ന ലോകത്തിലെ ഏക സമൂഹം കേരളത്തിലേതാണെന്ന് ഇവര്‍ക്കാര്‍ക്കും അറിയാത്തതല്ലല്ലോ.

ഈ വക ബുദ്ധിജീവികളേക്കാള്‍ ബൗദ്ധികമായ സത്യസന്ധതയുണ്ട് ‘നല്ല എസ്എഫ്ഐ’ യുടെ പ്രതിനിധിയായി ചാനല്‍ ചര്‍ച്ചക്ക് വന്ന ഈ ചെറുപ്പക്കാരന്. എത്ര നിഷ്‌ക്കളങ്കമായാണ് അയാള്‍ തന്റെ രാഷ്ട്രീയബോധം പറഞ്ഞുവക്കുന്നതെന്ന് നോക്കൂ. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ കോളേജില്‍ മറ്റൊരു സംഘടനക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്തത് ഒരു പ്രശ്നമായി തിരിച്ചറിയാന്‍ പോലുമുള്ള ജനാധിപത്യബോധം ആ ചെറുപ്പക്കാരനുണ്ടാവുന്നില്ല. തങ്ങള്‍ മാത്രമേ അവിടെ പ്രവര്‍ത്തിക്കാന്‍ പാടൂ എന്ന് അയാള്‍ ആത്മാര്‍ത്ഥമായിത്തന്നെ വിശ്വസിച്ചിരിക്കുകയാണ്. കെഎസ് യുക്കാര്‍ ഷോ കാണിക്കാന്‍ നോക്കുമ്‌ബോഴും എഐഎസ്എഫുകാര്‍ ആളാവാന്‍ നോക്കുമ്‌ബോഴും എബിവിപിക്കാര്‍ വര്‍ഗ്ഗീയത വളര്‍ത്താന്‍ നോക്കുമ്‌ബോഴും ക്യാമ്ബസ് ഫ്രണ്ടുകാര്‍ തീവ്രവാദം വളര്‍ത്താന്‍ നോക്കുമ്‌ബോഴും തടഞ്ഞുനിര്‍ത്താനും വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ കാവലാളാകാനും എസ്എഫ്ഐ തന്നെ വേണം, എസ്എഫ്ഐ മാത്രമേ വേണ്ടൂ.

നന്മതിന്മകളുടെ ആത്യന്തിക വിധികര്‍ത്താക്കളായിരിക്കുക എന്ന പ്യൂരിറ്റന്‍ മനസ്സാണ് മിക്കവാറും എല്ലാ പ്രത്യയശാസ്ത്രാധിഷ്ഠിത തീവ്രവാദ സംഘടനകളും വച്ചുപുലര്‍ത്തുന്നത്. സ്വതന്ത്രമായി ചിന്തിച്ച് തങ്ങള്‍ക്കിഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള ജനാധിപത്യാവകാശമൊന്നും കൊടിക്കൂറയിലെ അസംബന്ധാക്ഷരങ്ങള്‍ക്കപ്പുറം അവര്‍ ആര്‍ക്കും അനുവദിച്ച് തരില്ല. ‘എന്താണ് ശരിയെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ക്ക് മാത്രമേ അറിയൂ, നിങ്ങള്‍ക്ക് വേണ്ടി ഞങ്ങളത് ചെയ്യുന്നുണ്ടല്ലോ, പിന്നെന്തിനാണ് വേറൊരു സംഘടന?’ എന്ന നിഷ്‌ക്കളങ്ക യുക്തിയാണ് ഒരു ശരാശരി എസ്എഫ്ഐക്കാരന്‍ മുതല്‍ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ വരെ വച്ചുപുലര്‍ത്തുന്നത്. ചിന്തിക്കാനുള്ള ഏജന്‍സി പോലും അനുവദിച്ച് തരാത്ത അസ്സല്‍ ഫാഷിസമാണ് കമ്മ്യൂണിസം. ‘ഞങ്ങള്‍ക്ക് കൃത്യമായി അറിയാവുന്ന, ഞങ്ങള്‍ ചൂണ്ടിക്കാട്ടിത്തരുന്ന ആ ഏക ശരി ലക്ഷ്യത്തിലേക്കായി ഏത് മാര്‍ഗവും സാധൂകരിക്കാവുന്നതാണ്. The end justifies the means’. അതാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ സാമൂഹ്യ സങ്കല്‍പ്പം. അത് മാത്രമാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ ബോധം. അത് തന്നെയാണ് പലയിടങ്ങളിലും പല രൂപത്തിലും ആവര്‍ത്തിക്കപ്പെടുന്ന അക്രമങ്ങളുടേയും അസഹിഷ്ണുതയുടേയും അടിസ്ഥാന കാരണവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker