KeralaNews

മുൻ മന്ത്രി വി എസ് സുനിൽ കുമാർ ആശുപത്രി വിട്ടു

തൃശൂർ:കൊവിഡാനന്തര അസുഖങ്ങളെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുൻ മന്ത്രി വി എസ് സുനിൽ കുമാർ ആശുപത്രി വിട്ടു. തിങ്കളാഴ്ചയാണ് ശ്വാസകോശ സംബന്ധമായ അസുഖം കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചത്. രണ്ട് തവണ കൊവിഡ് ബാധിതനായിരുന്നു. കൊവിഡാനന്തര ചികിത്സക്കിടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

നേരത്തെ രോഗാവസ്ഥയേക്കുറിച്ച് സുനിൽ കുമാർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു’

വി എസ് സുനിൽ കുമാർ എഴുതിയത്* ❤️✍️

ശരീരം തുളച്ചു കയറിപ്പോകുന്ന വെടിയുണ്ട പോലെയാണു കോവിഡ്.വെടിയുണ്ട ശരീരത്തിൽനിന്നു പുറത്തു പോയിട്ടുണ്ടാവാം. പക്ഷേ, അതുണ്ടാക്കുന്ന മുറിവുകൾ ശരീരത്തിലുണ്ടാകും. ചിലപ്പോൾ ആ മുറിവ് മരണത്തിനും കാരണമാകാം. ഭയപ്പെടുത്താനല്ല, ഇതു പറയുന്നത്.പക്ഷേ, സൂക്ഷിച്ചേ പറ്റൂ. കോവിഡ് അല്ലേ, വന്നു പോട്ടെ എന്ന ചിന്ത പാടില്ല. എന്റെ അനുഭവത്തിൽ നിന്നാണിതു പറയുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ കോവിഡിനെതിരെയുള്ള സർക്കാരിന്റെ പോരാട്ടത്തിൽ എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്ന സമയത്താണ് എന്നെ ആദ്യം കോവിഡ് പിടികൂടുന്നത്. ഞാൻ പരമാവധി ശ്രദ്ധിച്ചിരുന്നു. എപ്പോഴും മാസ്കും കയ്യുറയും ഉപയോഗിക്കുമായിരുന്നു. പക്ഷേ, വീട്ടിലെത്തുമ്പോൾ അത്ര ശ്രദ്ധിച്ചിരുന്നില്ല.
വീട്ടിലെ ഗൺമാൻ എന്റെ ഒഫിഷ്യൽ ഫോൺ കൈകാര്യം ചെയ്തിരുന്നു.

ഗൺമാനു കോവിഡ് വന്നു, പിന്നാലെ എനിക്കും. ആന്റിജൻ ചെയ്തപ്പോൾ രോഗം കണ്ടില്ല. പക്ഷേ, ആർടിപിസിആറിൽ കണ്ടു. കാര്യമായ ലക്ഷണം ഒന്നുമില്ല. എനിക്കു പണ്ടേ ശ്വാസംമുട്ടലുണ്ട്. ഇൻഹേലർ ഉപയോഗിക്കാറുണ്ട്. പോരാത്തതിനു പ്രമേഹവും രക്തസമ്മർദവും. അതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ 10 ദിവസം കിടന്നു, സുഖപ്പെട്ടു.

സുഖപ്പെട്ടു എന്നു പറയാനാവില്ലെന്നും കോവിഡ് മാറി എന്നു മാത്രമേ പറയാനാവൂ എന്നു മനസ്സിലായത് കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ്. കോവിഡ് അനന്തര ദുരിതങ്ങൾ പൊതിഞ്ഞു. ആദ്യം ഉറക്കം നഷ്ടപ്പെട്ടു. അഞ്ചാറു ദിവസം ഒരുതരി പോലും ഉറങ്ങാൻ പറ്റിയില്ല. മന്ത്രി എന്ന നിലയിലുള്ള തിരക്കുകൾക്കൊപ്പം ഉറക്കവുമില്ലാതായി. കൈവിട്ടു പോകുമെന്നു ഞാൻ കരുതി. ഒപ്പം ശ്വാസം പൂർണമായി ഉള്ളിലേക്കെടുക്കാനുള്ള കഴിവു നഷ്ടമായി.കാലിൽ നീരുകെട്ടി.

അപകടം മണത്തു. വീണ്ടും അതേ മെഡിക്കൽ കോളജിലേക്ക്. വീണ്ടും 10 ദിവസം കിടപ്പ്. ശ്വാസകോശത്തിന്റെ ഇലാസ്തികത കുറഞ്ഞിരിക്കുന്നു. സ്റ്റിറോയ്ഡ് ചികിത്സയെല്ലാം കഴിഞ്ഞു വീട്ടിലേക്കു മടങ്ങി. 15 ദിവസം ക്വാറന്റീൻ. അക്കാലം ദുരിതമയമായിരുന്നു.
അലർജി ഉള്ളതിനാൽ എനിക്കു വാക്സീൻ സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

ആദ്യത്തെ കോവിഡ് ദുരിതം മറന്നു തുടങ്ങിയപ്പോഴേക്കും തിരഞ്ഞെടുപ്പ് എത്തി. വീണ്ടും നെട്ടോട്ടം.ആറാം തീയതി തിരഞ്ഞെടുപ്പ് കഴിഞ്ഞു. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ കഠിനമായ ക്ഷീണം അനുഭവപ്പെട്ടു. നെഞ്ചിൽ അണുബാധ തോന്നി. മരുന്നു കഴിച്ചു. വിശ്രമിച്ചു.

അപ്പോൾ മകൻ നിരഞ്ജനു പനി.മണം കിട്ടുന്നില്ലെന്ന് അവൻ പറഞ്ഞു. അപ്പോഴാണു ഞാൻ ശ്രദ്ധിച്ചത്, കുളിക്കുമ്പോൾ സോപ്പിന്റെ മണം അറിയാൻ കഴിയുന്നില്ല. അന്ന് വിഷു ആയിരുന്നു. നേരെ ജില്ലാ ആശുപത്രിയിൽ പരിശോധിച്ചു.ഞാനും നിരഞ്ജനും കോവിഡ് പോസിറ്റീവ്.

വീണ്ടും ശ്വാസം മുട്ടലിന്റെയും മറ്റും പരീക്ഷണ ദിനങ്ങൾ. തൃശൂർ മെഡിക്കൽ‍ കോളജിൽ 9 ദിവസം.

എനിക്ക്‌ നിങ്ങളോട് പറയാനുള്ളത്…..

*തല പോകുന്നത്ര അത്യാവശ്യമില്ലെങ്കിൽ ഈ ലോക്ഡൗൺ കാലത്തു പുറത്തിറങ്ങരുത്.*

കോവിഡ് വന്നു പോട്ടെ എന്ന നിലപാട് പാടില്ല. വന്നാൽ അത്ര നിസ്സാരമായി പോകണമെന്നില്ല.

*100 വെന്റിലേറ്റർ കരുതി വയ്ക്കുമ്പോൾ 500 പേർ വന്നാൽ എന്തുചെയ്യും. ചികിത്സയുടെ ഗുണനിലവാരം കുറയും.*

സമ്പർക്കം ഒഴിവാക്കുകയല്ലാതെ മറ്റു മാർഗമില്ല. വരാനിരിക്കുന്നതു കഠിനമായ ദിനങ്ങളാണ്.

*നാം വഴി മറ്റൊരാൾക്കു കോവിഡ് വരില്ലെന്ന് ഉറപ്പിക്കുക.നമ്മുടെ അശ്രദ്ധ വേണ്ടപ്പെട്ടവരുടെ മരണത്തിനു പോലും കാരണമാകാം.*

കോവിഡ് ഒരാൾക്കു വന്നാൽ ആ വീട് മൊത്തം താളം തെറ്റും. അതു ശരിയായി വരാൻ മാസങ്ങളെടുക്കും.

*പരമാവധി ശ്രദ്ധിച്ചിട്ടും കോവിഡ് വന്നുകഴിഞ്ഞാൽ ഭയക്കരുത്. ധൈര്യമായി നേരിടുക. പക്ഷേ,ശ്രദ്ധിച്ചില്ലെന്ന കുറ്റബോധം വേട്ടയാടരുത്.*

*വി സ് സുനിൽ കുമാർ*

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker