തൃശ്ശൂര്‍: തൃശ്ശൂർ മേയർ എം.കെ. വർഗീസിനെതിരേ ഗുരുതര ആരോപണങ്ങളുമായി സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാർ. മേയർ പ്രവർത്തിച്ചത് എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപിക്ക് വേണ്ടിയാണ്. വർഗീസിനെ മേയർ സ്ഥാനത്ത് നിന്നും മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മേയര്‍ എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചില്ല. ഇടതുപക്ഷത്തെ സഹായിക്കുന്ന നിലപാടും സ്വീകരിച്ചില്ല. 1000 കണക്കിന് കോടിയുടെ വികസനം നടത്തിയിട്ടുള്ള ഇടതുപക്ഷത്തിന്റെ എം.എൽ.എ ആയിരുന്ന താന്‍ ഇവിടെ മത്സരിക്കുമ്പോള്‍ അത് പറയാതെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ മഹിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മേയറുടെ പേരില്‍ ഇടതുപക്ഷ ഐക്യം തകര്‍ക്കാന്‍ താത്പര്യമില്ലെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.
തൃശ്ശൂർ മേയർ എം.കെ. വർഗീസ് പദവി ഒഴിയണമെന്ന് നേരത്തെ സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജും ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപിയെ പുകഴ്ത്തുന്നത് മേയർ തുടർന്നുകൊണ്ടേയിരിക്കുകയാണ്. വർഗീസ് തിരുത്താൻ തയ്യാറാകണമെന്നും വത്സരാജ് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സുരേഷ് ഗോപിയെ പുകഴ്ത്തിയ മേയറുടെ നടപടി വിവാദമായിരുന്നു. തുടർന്ന്, സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാർഥികളും ഫിറ്റാണെന്ന് അദ്ദേഹം തിരുത്തി. എം.പി.യുടെ വികസനപ്രവർത്തനങ്ങൾക്ക് മേയർ പൂർണ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.
പിന്നാലെ, മേയറെ നിയന്ത്രിക്കണമെന്ന ചർച്ച എൽ.ഡി.എഫിലും ഉയർന്നു. സി.പി.എമ്മിലെ ഒരു വിഭാഗത്തിനും മേയറുടെ ഇത്തരം നിലപാടുകളോട് എതിർപ്പുണ്ട്. കോർപറേഷൻ ഭരണം നഷ്ടപ്പെട്ടാലും മേയറുടെ തന്നിഷ്ടത്തെ പിന്തുണയ്ക്കരുതെന്ന അഭിപ്രായമാണവർക്ക്. എന്നാൽ, തന്റേത് വികസനതാത്‌പര്യം മാത്രമാണെന്നായിരുന്നു വിഷയത്തിൽ മേയറുടെ വിശദീകരണം.