മുത്തൂറ്റ് ബഹിഷ്കരിയ്ക്കണമെന്ന് വി.എസ്, സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിയ്ക്കണം
തിരുവനന്തപുരം:
മുത്തൂറ്റ് ഗ്രൂപ്പ് നടത്തുന്ന തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനവും അതിന്‍റെ ചെയര്‍മാന്‍ നടത്തുന്ന ധാര്‍ഷ്ട്യ പ്രഖ്യാപനങ്ങളും കേരള ജനതയോടുള്ള വെല്ലുവിളിയാണെന്ന് ഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ. ഈ സ്ഥാപനത്തിന്‍റെ തൊഴിലാളിവിരുദ്ധതയെ സര്‍ക്കാര്‍ ശക്തമായി നേരിടണം. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തുന്ന ചര്‍ച്ചകളില്‍ പോലും പങ്കെടുക്കാതെ, നിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടാല്‍ കട പൂട്ടി രക്ഷപ്പെടും എന്ന് ഭീഷണിപ്പെടുത്തുകയാണ് മാനേജ്മെന്‍റ്. ഇത്തരം ബ്ലേഡ് കമ്പനികള്‍ ഉള്ളതുകൊണ്ടാണ് കേരളത്തില്‍ വികസനം നടക്കുന്നതെന്ന ധാരണപ്പിശക് അവസാനിപ്പിക്കണം. മിനിമം വേജസ് ആക്റ്റ് നടപ്പിലാക്കണം. യൂണിയന്‍ അനുവദിക്കില്ല എന്ന നിലപാടിനെ ശക്തമായി നേരിടണം.
കേരളത്തിലെ ജനങ്ങളുടെ പണമാണ് ഈ സ്ഥാപനത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഈ സ്ഥാപനം പൂട്ടിയാല്‍ കേരളത്തില്‍ത്തന്നെയുള്ള മറ്റൊരു സ്ഥാപനത്തില്‍ ജനങ്ങള്‍ ആ പണം നിക്ഷേപിച്ചുകൊള്ളും. അല്ലെങ്കില്‍ ആ പണമെടുത്ത് വ്യവസായ നിക്ഷേപം നടത്തും. അല്ലാതെ മുത്തൂറ്റ് ബാങ്കിനു പിന്നാലെ അവരും കേരളത്തില്‍നിന്ന് അന്യ സംസ്ഥാനങ്ങളിലേക്ക് പോവില്ല.
രാജ്യത്തെ നിയമങ്ങളൊന്നും പാലിക്കാന്‍ തയ്യാറാവാത്ത ഈ സ്ഥാപനത്തെ സര്‍ക്കാര്‍ എല്ലാ തരത്തിലും ബഹിഷ്കരിക്കണം. സ്വര്‍ണ നിക്ഷേപങ്ങളുടെയും പണയത്തിന്‍റെയും കാര്യത്തില്‍ ഉള്‍പ്പെടെ ഈ സ്ഥാപനത്തിന്‍റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സാമ്പത്തിക വിദഗ്ധരടങ്ങുന്ന ഒരു പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കുകയും വേണമെന്ന് വി.എസ്.ആവശ്യപ്പെട്ടു.