വി.എൻ.വാസവൻ ഏറ്റുമാനൂരിൽ ഇടതു സ്ഥാനാർത്ഥി

തിരുവനന്തപുരം:രാജു ഏബ്രഹാം തുടർച്ചയായി അഞ്ച് തവണ ജയിച്ച റാന്നി കേരള കോൺഗ്രസ് എമ്മിന് നൽകാൻ സിപിഎം തീരുമാനം. പത്തനംതിട്ട ജില്ലയിൽ ഒരു സീറ്റ് വേണമെന്ന ജോസ് പക്ഷത്തിന്റെ ആവശ്യം സിപിഎം അംഗീകരിക്കുകയായിരുന്നു. യുഡിഎഫിലായിരുന്നപ്പോൾ തിരുവല്ല സീറ്റാണ് സ്ഥിരമായി കേരള കോൺഗ്രസ് മത്സരിച്ചിരുന്നത്.

ജില്ലാ പ്രസിഡന്റ് എൻ.എം രാജു, അഡ്വ മനോജ് മാത്യു എന്നിവരിൽ ഒരാൾ സ്ഥാനാർഥിയായി വന്നേക്കും. കടുത്തുരുത്തിയിൽ സഖറിയാസ് കുതിരവേലി വന്നാൽ സ്റ്റീഫൻ ജോർജ് അവസാന നിമിഷം റാന്നിയിൽ സ്ഥാനാർഥിയാകാനുള്ള സാധ്യത തള്ളാനാകില്ല. ഇതിനിടെ സീറ്റ് വിട്ടുനൽകരുതെന്നും റോഷൻ റോയ് മാത്യുവിനെ സ്ഥാനാർഥിയാക്കണമെന്നും എൽഡിഎഫിൽ സമ്മർദമുണ്ട്

ലോക്സഭയിൽ മത്സരിച്ചവരെ പരിഗണിക്കേണ്ട എന്ന തീരുമാനത്തിൽ ഇളവ് നൽകി ഏറ്റുമാനൂരിൽ വി.എൻ വാസവനെ മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഇതോടെ സുരേഷ് കുറുപ്പ് ഏറ്റുമാനൂരിൽ മത്സരിക്കില്ല.

കണ്ണൂരിൽ നിന്നുള്ള പി.ജയരാജന് സീറ്റില്ല. തൃത്താലയില്‍ എം.ബി. രാജേഷ് മത്സരിക്കും. കൊട്ടാരക്കരയില്‍ െക.എന്‍.ബാലഗോപാല്‍,
അരുവിക്കരയില്‍ ജി.സ്റ്റീഫന്‍, അഴീക്കോട് കെ.വി.സുമേഷ്,കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന് പരിഗണന.

ശ്രീരാമകൃഷ്ണനും, എ. പ്രദീപ്കുമാറിനും ഇളവില്ല . എ.കെ.ബാലന്‍റെ ഭാര്യ പി.കെ.ജമീല പട്ടികയില്‍ ഇടംപിടിച്ചു. അരൂരില്‍ ഗായിക ദലീമ മത്സരിക്കും. ആലപ്പുഴയില്‍ പി.പി.ചിത്തര‍ഞ്ജന്‍, അമ്പലപ്പുഴയില്‍ എച്ച്.സലാം മത്സരിക്കും . ഐസക്കിന്റെയും സുധാകരന്റെയും കാര്യത്തില്‍ പുനഃരാലോചനയില്ല