KeralaNews

തൃക്കാക്കര:സഭയുടെ പേര് വലിച്ചിഴച്ചതും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതും മന്ത്രി പി രാജീവെന്ന് വി.ഡി.സതീശൻ പി.സി ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചിട്ട് വരുന്നയാളെയാണോ സി.പി.എം സ്ഥാനാര്‍ഥിയാക്കുന്നതെന്നും പ്രതിപക്ഷ നേതാവ്

കൊച്ചി:സഭയുടെ സ്ഥാനാര്‍ഥിയെയാണ് എല്‍.ഡി.എഫ് തൃക്കാക്കരയില്‍ കെട്ടിയിറക്കിയിരിക്കുന്നതെന്ന് ഒരു യു.ഡി.എഫ് നേതാവും ഒരു ഘട്ടത്തില്‍ പോലും ആരോപണം ഉന്നയിച്ചിട്ടില്ല. മാധ്യമ പ്രവര്‍ത്തകരാണ് ഇക്കാര്യം ആദ്യമായി ആ സ്ഥാനാര്‍ഥിയോട് ചോദിക്കുന്നത്. ഞാന്‍ സഭയുടെ സ്ഥാനാര്‍ഥിയല്ലെന്ന് പറഞ്ഞതും സ്ഥാനാര്‍ഥി തന്നെയാണ്. ഇപ്പോള്‍ സി.പി.എം നേതാക്കള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്. ജില്ലാ സെക്രട്ടറിയും ജില്ലയില്‍ നിന്നുള്ള മന്ത്രിയും തമ്മിലുള്ള തര്‍ക്കമാണ് സി.പി.എമ്മിനെ ഈ അവസ്ഥയില്‍ എത്തിച്ചത്. ജില്ലാ നേതൃത്വം ഒരു സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയും സി.പി.എമ്മിന്റെ സൈബറിടങ്ങളില്‍ പ്രചരണം നടത്തുകയും പോസ്റ്റര്‍ അടിച്ചു കൊടുക്കുകയും ചെയ്തു. അതിനു ശേഷം മതിലുമെഴുതി. പിന്നീട് അവര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ച സ്ഥാനാര്‍ഥിയെ മാറ്റി വേറൊരാളെ കൊണ്ടുവന്നു. ഈ സ്ഥാനാര്‍ഥിയുമായി മന്ത്രിയുടെ നേതൃത്വത്തില്‍ നേരത്തെ തന്നെ ചര്‍ച്ച നടത്തിയിരുന്നു.

സഭയ്ക്ക് ഇതുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ സഭയുടെ ഒരു സ്ഥാപനത്തെ ദുരുപയോഗം ചെയ്തത് സി.പി.എമ്മാണ്. സഭയുടെ ചിഹ്നമുള്ള ബാക്ക്‌ഡ്രോപ്പിന് മുന്നില്‍ സഭയിലെ വൈദികനായ ഡയറക്ടറെയും കൂട്ടി പത്രസമ്മേളനം നടത്തിയ മന്ത്രി പി രാജീവാണ് സഭയെ ഇതിലേക്ക് വലിച്ചിഴച്ചത്. എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു പത്രസമ്മേളനം നടത്തിയത്? സി.പി.എമ്മിന്റെ ചരിത്രത്തില്‍ എവിടെയെങ്കിലും പാര്‍ട്ടി കമ്മിറ്റി ഓഫീസിന് പുറത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ടോ? മനഃപൂര്‍വം ഈ സ്ഥാനാര്‍ഥി സഭയുടേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സഭയുടെ പ്ലാറ്റ്‌ഫോമിനെ മന്ത്രി ദുരുപയോഗം ചെയ്യുകയായിരുന്നു. അപ്പോഴാണ് സഭയില്‍ തന്നെയുള്ള ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വരികയും സഭയുടെ സ്ഥാനാര്‍ഥിയല്ലെന്ന് നിലപാടെടുക്കുകയും ചെയ്തത്.

അതിലൊന്നും യു.ഡി.എഫ് കക്ഷി ചേര്‍ന്നിട്ടില്ല. സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിന് പിന്നില്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്നാണ് യു.ഡി.എഫ് പറഞ്ഞത്. പ്രഖ്യാപനമുണ്ടായി മണിക്കൂറുകള്‍ക്കകം ഈ സ്ഥാനാര്‍ഥി എന്റെ സ്വന്തം പയ്യനാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. എന്നെക്കണ്ട് കെട്ടിപ്പിടിച്ച് ഉമ്മ വച്ചിട്ടാണ് സ്ഥാനാര്‍ഥിയാകാന്‍ എറണാകുളത്തേക്ക് പോയതെന്നാണ് പറഞ്ഞത്. വാ തുറന്നാല്‍ വിഷം മാത്രം വമിക്കുന്ന പി.സി ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചിട്ട് വരുന്നയാളെയാണോ സി.പി.എം സ്ഥാനാര്‍ഥിയാക്കുന്നത്? അതാണ് യു.ഡി.എഫിന്റെ ചോദ്യം.

സ്വന്തം വണ്ടിയില്‍ തിരുവനന്തപുരം വരെ കൊണ്ടു പോയി, വഴിയില്‍ സംഘപരിവാറുകാരുടെ സ്വീകരണം ഏറ്റുവാങ്ങി, ഇരാറ്റുപേട്ടയില്‍ ആരും ശ്രദ്ധിക്കാതിരുന്ന പി.സി ജോര്‍ജിന് നായക പരിവേഷം നല്‍കി അറസ്റ്റു നാടകം നടത്തിയത് ആരാണ്? പബ്ലിക് പ്രോസിക്യൂട്ടറെ വരെ മാറ്റി നിര്‍ത്തി എഫ്.ഐ.ആറില്‍ വെള്ളം ചേര്‍ത്ത് ജോര്‍ജിന് ജാമ്യം കിട്ടാനുള്ള അവസ്ഥയുണ്ടാക്കിയത് സി.പി.എമ്മാണ്. പി.സി ജോര്‍ജ് ആര്‍ക്കെതിരായാണോ പറഞ്ഞത് ആ മത വിഭാഗങ്ങളെ തൃപ്തിപ്പെടുത്താന്‍ അറസ്റ്റു ചെയ്തു. പി.സി ജോര്‍ജിനെ കൂടെ നിര്‍ത്തുന്നതിന് വേണ്ടി ജാമ്യം കിട്ടുന്ന രീതിയില്‍ എഫ്.ഐ.ആറും ഇട്ടു. ഇത്തരം പ്രഹസനങ്ങള്‍ നടത്തി നാണംകെട്ടു നില്‍ക്കുകയാണ് സി.പി.എം. നേതൃത്വപരമായ കഴിവുകളൊന്നും കാണിക്കാതെ പ്രീണനമാണ് ഇവര്‍ കൊണ്ടുനടക്കുന്നത്. അവര്‍ വെളുക്കാന്‍ തേച്ചത് പാണ്ടായതിന് ഞങ്ങളെ പഴിക്കേണ്ട.

സ്ഥാനാര്‍ഥിയെ കുറിച്ച് യു.ഡി.എഫ് ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. എന്നെക്കണ്ട് കെട്ടിപ്പിടിച്ച് ഉമ്മവച്ച ശേഷമാണ് സ്ഥാനാര്‍ഥിയാകാന്‍ പോയതെന്ന് പി.സി ജോര്‍ജ് പറഞ്ഞതിന് സി.പി.എം ഇതുവരെ മറുപടി പറയാത്തത് എന്തുകൊണ്ടാണ്? ഇവര്‍ എന്തൊക്കെ നാടകമാണ് കാണിച്ചത്. ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നുമാണോ സ്ഥാനാര്‍ഥിയെ പിടിച്ചുകൊണ്ട് വന്നത്? മൂന്നു നാല് ദിവസമായി ഇതിനുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന് സ്ഥാനാര്‍ഥിയുടെ സഹധര്‍മ്മിണി തന്നെ പറഞ്ഞു. പി.സി ജോര്‍ജ് അനുഗ്രഹം കൊടുത്ത് വിട്ടതും ഏതായാലും എറണാകുളത്തല്ല. അതും കുറെ ദിവസം മുന്‍പാണ്. ഓപറേഷന്‍ തിയേറ്ററില്‍ പോയി സ്ഥാനാര്‍ഥിയെ പിടിച്ചുകൊണ്ടു വരിക, പിന്നീട് സഭയുടെ ബാനറിന് മുന്നില്‍ ഇരുന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുക. ഇതൊല്ലാം സഭയുടെ പിന്തുണയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ചെയ്ത നാടകമാണ്. ഒടുവില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി. അതിന് രാജീവ് ഞങ്ങളുടെ മെക്കിട്ട് കേറണ്ട. കുറച്ചു കൂടി ബുദ്ധിപൂര്‍വം ചെയ്തിരുന്നെങ്കില്‍ ഇത്രയും വഷളാകില്ലായിരുന്നു.

സ്ഥാനാര്‍ഥി പി രാജീവിന്റെ നോമിനിയാണെന്ന് എല്ലാ സി.പി.എമ്മുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അറിയാം. അരുണ്‍കുമാറിനെ ഒഴിവാക്കിയതിന് സി.പി.എമ്മാണ് മറുപടി പറയേണ്ടത്. അവര്‍ തമ്മിലുള്ള തര്‍ക്കമാണ്. അത് ഞങ്ങളുടെ മേല്‍ ചാരേണ്ട. യു.ഡി.എഫ് സഭയ്ക്ക് എതിരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നാടകമാണ് നടന്നത്. അതിന്റെ അനന്തരഫലമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഞങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് സഭ വ്യക്തമാക്കിയിട്ടുണ്ട്. എന്തിനാണ് ആശുപത്രിയില്‍ പോയി നാടകം കാണിച്ചത്?

പി.സി ജോര്‍ജ് ബി.ജെ.പിയുമായി ചേര്‍ന്ന് നില്‍ക്കുന്നയാളാണ്. എന്നാല്‍ ബി.ജെ.പിക്ക് അവിടെ കാര്യമായ വോട്ടൊന്നും കിട്ടില്ലെന്നും ഇവന്‍ എന്റെ പയ്യനാണെന്നുമാണ് ഇന്നലെ പറഞ്ഞത്. ജോര്‍ജിന്റെ കുടുംബവുമായി ബന്ധമില്ലെന്ന് പറയരുത്. പി.സി ജോര്‍ജിന്റെ പാര്‍ട്ടിയിലെ മൂന്ന് അംഗങ്ങളുടെ പിന്തുണയിലാണ് തെക്കേക്കര പഞ്ചായത്ത് സി.പി.എം ഭരിക്കുന്നത്. വിഷം തുപ്പിയ ജോര്‍ജിന്റെ പാര്‍ട്ടിയുടെ പിന്തുണ ഞങ്ങള്‍ക്ക് വേണ്ടെന്ന് പറയാനുള്ള ധൈര്യം സി.പി.എമ്മിനുണ്ടോ? യു.ഡി.എഫ് വെല്ലുവിളിക്കുകയാണ്. ഇവരൊക്കെ തമ്മില്‍ രഹസ്യബന്ധമാണ്. തൃക്കാക്കരയില്‍ എന്ത് രഹസ്യബന്ധമുണ്ടാക്കിയാലും അതിനെ നേരിടാനുള്ള ശേഷി യു.ഡി.എഫിനും കോണ്‍ഗ്രസിനുമുണ്ട്.

ഉമാ തോമസിനെ നിര്‍ത്തിയപ്പോള്‍ ഇതാണോ രാഷ്ട്രീയ പോരാട്ടമെന്നാണ് സി.പി.എം ചോദിച്ചത്. ഈ സ്ഥാനാര്‍ഥിയെയും കൊണ്ടാണോ യു.ഡി.എഫിനോട് രാഷ്ട്രീയ പോരാട്ടത്തിന് വരുന്നതെന്ന് സി.പി.എമ്മിനോട് ഇപ്പോള്‍ ചോദിക്കുകയാണ്. എല്ലാ പാര്‍ട്ടികള്‍ക്കും ഇഷ്ടമുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള അവകാശമുണ്ട്. പക്ഷെ ഇങ്ങോട്ട് ചോദിക്കാന്‍ വരരുത്.

പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും ഡൊമനിക് പ്രസന്റേഷനുമൊക്കെ പറഞ്ഞത് സഭയെ വലിച്ചിഴച്ചത് സി.പി.എം എന്നു തന്നെയാണ്. സി.പി.എമ്മും പി.സി ജോര്‍ജും തമ്മില്‍ രഹസ്യബന്ധമുണ്ടല്ലോ. കോണ്‍ഗ്രസിനല്ല പൂഞ്ഞാറിലെ പഞ്ചായത്തില്‍ ജോര്‍ജ് പിന്തുണ നല്‍കിയത്. എന്നിട്ടാണ് അറസ്റ്റ് നാടകം നടത്തിയത്. ഇവര്‍ പ്രഹസനം നടത്തുകയാണ്. ആശുപത്രിയിലും അറസ്റ്റിലുമൊക്കെ കാട്ടിയത് പ്രഹസനമാണ്. പി.ടി തോമസിനെതിരെ സഭ വോട്ട് ചെയ്തിട്ടില്ല. എതിര്‍ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നു പോലും പറഞ്ഞിട്ടില്ല. സി.പി.എം സ്വയം കുഴിച്ച കുഴിയില്‍ വീണു പോയി. വീണ് പോയ ശേഷം കരഞ്ഞിട്ട് കാര്യമില്ല. മന്ത്രി രാജീവ് ഇപ്പോള്‍ അതാണ് ചെയ്യുന്നത്.

ഉമ ജോലി ചെയ്യുന്നതും ആശുപത്രിയിലാണ്. അവിടെ പോയല്ലല്ലോ യു.ഡി.എഫ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. സഭയെ വലിച്ചിഴച്ചത് മന്ത്രി പി രാജീവാണ്. കാണിച്ച അബദ്ധം ഇനിയെങ്കിലും വിലയിരുത്തുന്നത് നന്നായിരിക്കും. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ തീരുമാനിച്ച ശേഷമാണ് അരുണ്‍കുമാറാണ് സ്ഥാനാര്‍ഥിയെന്ന് മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തത്. മാധ്യമ വാര്‍ത്ത കേട്ടാണോ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചുവരെഴുതിയത്?

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ലോഞ്ചിംഗ് കൃത്യമായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടേത് പാളിപ്പോയി. അതിന്റെ ഉത്തരവാദിത്തം സി.പി.എം നേതാക്കള്‍ക്കാണ്. അതിന് യു.ഡി.എഫിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എല്ലാ നാടകങ്ങളും ഒന്നായി പുറത്ത് വരും.

പി.ടി തോമസ് വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിക്കും. അക്കാര്യത്തില്‍ യു.ഡി.എഫിന് നല്ല ആത്മവിശ്വാസമുണ്ട്. രാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതമായി തൃക്കാക്കര ഉമ തോമസിന് വോട്ട് ചെയ്യും. ഒരു വര്‍ഷക്കാലം സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യും. ‘കമ്മീഷന്‍’ റെയിലും വിചാരണ ചെയ്യപ്പെടും. എറണാകുളം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും. ജില്ലയില്‍ എല്‍.ഡി.എഫ് നടത്തിയ വികസനത്തിന്റെ അടയാളം കാട്ടിത്തരാന്‍ വെല്ലുവിളിച്ചു. ഇതുവരെ മറുപടി നല്‍കിയിട്ടില്ല. വികസനവാദികളും വികസന വിരുദ്ധരും ആരാണെന്ന് തൃക്കാക്കര ചര്‍ച്ച ചെയ്യട്ടേ. സംസ്ഥാനത്തെ ഗുണ്ടാ വിളയാട്ടം ഉള്‍പ്പെടെയുള്ള അതിക്രമങ്ങളും ചര്‍ച്ച ചെയ്യപ്പെടും. സാമ്പത്തികമായി കേരളം തകര്‍ന്ന് തരിപ്പണമാകുകയാണ്. മുഖ്യമന്ത്രി വിദേശത്ത് പോയതോടെ കേരളത്തിലെ ഭരണം നാഥനില്ലാ കളരിയായി മാറി. ഇതൊക്കെ ചര്‍ച്ചയാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker