31.1 C
Kottayam
Saturday, May 18, 2024

കോൺഗ്രസിൽ രീതികള്‍ മാറ്റിയെന്ന് വിഡി സതീശന്‍, എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് പട്ടിക ഇറക്കാന്‍ പറ്റില്ല

Must read

തിരുവനന്തപുരം:ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിന് മുൻപ് വിശദമായ ചർച്ച ചെയ്തില്ലെന്ന വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

പല കാര്യങ്ങളും പരിഗണിച്ചുകൊണ്ടാണ് ഒരു ലിസ്റ്റ് പുറത്തുവരുന്നത്. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിൽ ഇത്രയും വിശദമായ ചർച്ച നടത്തിയ കാലം കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിലുണ്ടാവില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും താനുമുൾപ്പെടെ എല്ലാവരും കൂടിയിരുന്നുകൊണ്ടാണ് ചർച്ചയുടെ ഷെഡ്യൂൾ പോലും നിശ്ചയിച്ചത്.ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ട് റൗണ്ട് ചർച്ച നടത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.

‘കഴിഞ്ഞ 18 വർഷമായി നടന്നിരുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായ ഒരു രീതിയാണ് ഇത്തവണ ഉണ്ടായത്. ഞങ്ങൾ വരുമ്പോൾ സാമ്പ്രദായിക രീതികളിൽ നിന്ന് മാറ്റം വരുമെന്ന് ഞങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒന്നോ രണ്ടോ പേരോട് അഭിപ്രായം ചോദിച്ചിട്ടോ അല്ലെങ്കിൽ ഞാനും സുധാകരകനും കൂടി ഒരു മൂലയ്ക്ക് മാറിയിരുന്ന് ചർച്ച ചെയ്ത് തീരുമാനിച്ച് ഡൽഹിയിൽ കൊണ്ടുകൊടുത്ത ലിസ്റ്റ് അല്ല അത്.

കുറേക്കൂടി താഴേക്ക് ചർച്ചകൾ പോവുകയും ഒരുപാട് പേരോട് അഭിപ്രായം ചോദിക്കുകയും ഇത്തവണ ചെയ്തിട്ടുണ്ട്. ഇത്രയും വേഗത്തിൽ ഇത്രയും നന്നായി പട്ടിക ഇറക്കിയ കാലമുണ്ടായിട്ടില്ല. പഴയ റെക്കോർഡ് ഒക്കെ പരിശോധിച്ചാൽ അറിയാം, ആറ് മാസം മുതൽ ഒരുകൊല്ലം വരെയൊക്കെ ഇരുന്ന് ചർച്ച ചെയ്ത് പട്ടിക തയ്യാറാക്കിയിട്ടുണ്ട്.’

‘കോൺഗ്രസിൽ എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു ലിസ്റ്റ് ഇറക്കാൻ പറ്റില്ല. ജനാധിപത്യപരമായ രീതിയിൽ എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയാണ് പട്ടിക തയ്യാക്കിയത്. ചർച്ച ചെയ്ത് ഞങ്ങൾക്ക് ലഭിച്ച പേരുകളിൽ നിന്ന് തിരഞ്ഞെടുത്ത് സമവായമുണ്ടാക്കിയാണ് അന്തിമ പട്ടിക ഇറക്കിയത്. മുതിർന്ന നേതാക്കൾ തന്ന പേരുകൾ അങ്ങനെ തന്നെ വീതം വെച്ച് കൊടുക്കാനാണെങ്കിൽ ഞങ്ങൾ ഈ സ്ഥാനത്ത് ഇരിക്കേണ്ട കാര്യമില്ലല്ലോ. അതാവും അവർ ആഗ്രഹിക്കുന്നത്. ഇത്രയും കാലം അങ്ങനെയായിരുന്നല്ലോ.’

പട്ടിക പ്രഖ്യാപിച്ചതിൽ തനിക്കും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പൂർണമായ ഉത്തരവാദിത്തമുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ കുറവുകളും ഞങ്ങൾ ഏറ്റെടുക്കും. വിശദമായ തർച്ച നടത്തിയിട്ടുണ്ട്. അനാവശ്യമായ സമ്മർദങ്ങൾക്ക് വഴങ്ങിയിട്ടില്ലെന്ന് ആത്മവിശ്വാസമുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week