മിന്നൽ പ്രളയത്തിന് സാധ്യത, നിരവധി ഗ്രാമങ്ങൾക്ക് മുന്നറിയിപ്പ്, ഉത്തരാഖണ്ഡിൽ മരണസംഖ്യ ഉയരും
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ ധൗളിഗംഗയുടെ തീരങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ദുരന്തമുണ്ടായ ചമോലിയ്ക്ക് അടുത്തുള്ള റെജി ഗ്രാമത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളും ധൗളിഗംഗയുടെ തീരത്തെ ചില ഗ്രാമങ്ങളും ഒഴിപ്പിക്കുകയാണ് സംസ്ഥാനസർക്കാർ ഇപ്പോൾ. സ്ഥലത്ത് ബോർഡർ റോഡ് ഓർഗനൈസേഷൻ നിർമ്മിച്ച പാലം ഒലിച്ചുപോയി. ഋഷിഗംഗ പവർപ്രോജക്ട് ഭാഗികമായി തകർന്നതാണ് ആശങ്ക കൂട്ടുന്നത്. സ്ഥലത്ത് ജോലി ചെയ്തിരുന്നവരെ കാണാനില്ലെന്നും, പെട്ടെന്നുണ്ടായ പ്രളയത്തിൽ അവർ ഒലിച്ചുപോയിരിക്കാനാണ് സാധ്യതയെന്നുമാണ് ഇപ്പോഴും കേന്ദ്രസേന വ്യക്തമാക്കുന്നത്. പ്രളയമേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത ഒരു മണിക്കൂർ നിർണായകമാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. ഡാം സൈറ്റിന് താഴെയുള്ള റിസർവോയറുകൾക്ക് കുതിച്ചു വരുന്ന വെള്ളം തടഞ്ഞുനിർത്താൻ കഴിഞ്ഞാൽ അപകടം പരമാവധി കുറയ്ക്കാം. അതല്ലെങ്കിൽ അപകടസാധ്യത വീണ്ടുമുണ്ട്. തീരപ്രദേശങ്ങളിലെ നിരവധി ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ് കേന്ദ്രസേനയുടെ സഹായത്തോടെ സംസ്ഥാനസർക്കാർ.
സ്ഥലത്ത് നിങ്ങളുടെ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നതായാണ് വിവരമെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് അടിയന്തരഹെൽപ്പ് ലൈൻ ഉത്തരാഖണ്ഡ് സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് എന്ത് സഹായത്തിനും ഈ നമ്പറുകളിൽ വിളിക്കാം.
നമ്പറുകൾ ഇങ്ങനെയാണ്: 1070, 1905 (അടിയന്തരഹെൽപ്പ് ലൈൻ നമ്പറുകൾ), 9557444486 ഡിസാസ്റ്റർ ഓപ്പറേഷൻസ് സെന്‍റർ നമ്പർ.
സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജിതമാണ്. ഋഷികേശ്, ശ്രീനഗർ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി കളയുകയാണിപ്പോൾ. മഞ്ഞുമല ദുരന്തത്തെത്തുടർന്ന് ഗംഗയിൽ വെള്ളമുയർന്ന പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിലെ നാല് ജില്ലകൾക്കും ഋഷികേശ്, ഹരിദ്വാർ, വിഷ്ണുപ്രയാഗ്, ജോഷിമഠ്, കർണ്ണപ്രയാഗ്, രുദ്രപ്രയാഗ്, ശ്രീനഗർ എന്നിവിടങ്ങളിലും കനത്ത ജാഗ്രതാനിർദേശമാണ് നൽകിയിരിക്കുന്നത്. അളകനന്ദ, ധൗളിഗംഗ തീരപ്രദേശങ്ങളിലേക്ക് ഒരു കാരണവശാലും പോകരുതെന്ന് ഉത്തരാഖണ്ഡ് സർക്കാർ മുന്നറിയിപ്പ് നൽകി. രണ്ട് ഐടിബിപി സംഘങ്ങൾ ദുരന്തം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. മൂന്ന് എൻഡിആർഎഫ് സംഘം ഡെറാഡൂണിൽ നിന്ന് തിരിച്ചു. മൂന്ന് സംഘത്തെക്കൂടി ഹെലികോപ്റ്ററിൽ എത്തിക്കും. ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതൽ അംഗങ്ങളെ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉത്തർപ്രദേശിൽ ഗംഗാ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാഗീരഥി നദിയിലേക്ക് ജലമൊഴുകി എത്തുന്നത് നിയന്ത്രിക്കാൻ നിർദേശം നൽകി.
https://youtu.be/3rr20UJokvU