ദെഹ്‌റാദൂണ്‍: ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിന് രജിട്രേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ക്ക് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ നടപ്പിലാക്കും.
ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന വ്യക്തികളും ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരും ബന്ധപ്പെട്ട ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ തങ്ങളുടെ ബന്ധം രജിസ്ടര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ.
ഒരുമിച്ച് ജീവിക്കാനാഗ്രഹിക്കുന്ന 21 വയസ്സില്‍ താഴെയുള്ള വ്യക്തികളുടെ രക്ഷിതാക്കളുടെ സമ്മതം രജിസ്‌ട്രേഷന് നിര്‍ബന്ധമാണ്. സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന ഉത്തരാഖണ്ഡ് സ്വദേശികള്‍ക്കും നിയമം ബാധകമായിരിക്കും.
സര്‍ക്കാര്‍ നയങ്ങള്‍ക്കും സദാചാരവ്യവസ്ഥകള്‍ക്കും വിരുദ്ധമായ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദനീയമല്ല. ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലെ പങ്കാളികളില്‍ ഒരാള്‍ വിവാഹിതനോ/ വിവാഹിതയോ അല്ലെങ്കില്‍ മറ്റൊരു ബന്ധത്തിലെ പങ്കാളിയോ ആയിരിക്കുന്ന പക്ഷമോ അല്ലെങ്കില്‍ പങ്കാളികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയോ അആയിരിക്കുന്ന പക്ഷമോ അല്ലെങ്കില്‍ പങ്കാളികളില്‍ ഒരാളുടെ സമ്മതം ബലമോ തട്ടിപ്പോ ആള്‍മാറാട്ടത്തിലൂടെയോ നേടിയതായിരിക്കുന്ന പക്ഷമോ ആ ബന്ധത്തിന് നിയമസാധുത അനുവദിക്കുകയില്ല.
ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിക്കാന്‍ വെബ്‌സൈറ്റ് തയ്യാറാകുന്നതായി ഉന്നത ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പ്രതികരിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത ബന്ധത്തിന്റെ സാധുത രജിസ്ട്രാര്‍ പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തിലാകും രജിസ്‌ട്രേഷന് അനുമതി അനുവദിക്കുന്നത്. അപേക്ഷ നിരസിക്കുന്ന പക്ഷം അപേക്ഷകരോട് അതിനുള്ള കാരണങ്ങള്‍ രജിസ്ട്രാര്‍ എഴുത്തുമുഖാന്തരം അറിയിക്കണം.
ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ പ്രവേശിക്കുന്ന വ്യക്തികള്‍ ഒരുമാസത്തിനുള്ളില്‍ ബന്ധപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിക്കാത്ത പക്ഷം മൂന്ന് മാസം വരെ തടവ് ശിക്ഷയോ 10,000 രൂപ പിഴയോ രണ്ടും ഒന്നിച്ചോ ലഭിച്ചേക്കാം. അധികൃതര്‍ക്ക് തെറ്റായ വിവരം നല്‍കിയാല്‍ മൂന്നുമാസംവരെ തടവോ 25,000 രൂപവരെ പിഴയോ ഇവ രണ്ടുമോ ലഭിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലെ പങ്കാളി ഉപേക്ഷിച്ച് പോയാല്‍ സ്ത്രീയ്ക്ക് ജീവനാംശത്തിനായി കോടതിയെ സമീപിക്കാവുന്നതാണ്. ബന്ധത്തിലുണ്ടാകുന്ന കുട്ടിയെ പങ്കാളികളുടെ നിയമസാധുതയുള്ള കുട്ടിയായി പരിഗണിക്കും.
ബന്ധം അവസാനിപ്പിക്കുന്നതിനായി പങ്കാളികള്‍ ഇരുവരുമോ അല്ലെങ്കില്‍ രണ്ടിലൊരാളോ താമസിക്കുന്ന പ്രദേശപരിധിയിലെ രജിസ്ട്രാറിന് ബന്ധം റദ്ദാക്കുന്നതിനുള്ള അപേക്ഷ നല്‍കേണ്ടതാണ്. ബന്ധം റദ്ദാക്കാനുള്ള പ്രസ്താവന സമര്‍പ്പിച്ച പങ്കാളി അതിന്റെ പകര്‍പ്പ് മറ്റേ വ്യക്തിയ്ക്ക് കൈമാറേണ്ടതാണ്.