KeralaNews

ചാക്കിലാക്കിയ പാമ്പിനെ ഉത്രയുടെ ദേഹത്തേക്ക് കുടഞ്ഞിട്ടു; പറക്കോട്ടെ വീട്ടിലും നടന്നത് ആസൂത്രിതം

കൊല്ലം: ഭാര്യ ഉത്രയെ പലതവണ കൊല്ലാന്‍ ശ്രമിച്ച സൂരജ് നേരത്തെ പറക്കോട്ടെ സ്വന്തം വീട്ടില്‍വച്ചും അപായപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഉത്രയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വാങ്ങിയ അണലിയാണ് പറക്കോട്ടെ വീട്ടില്‍ ഉത്രയെ കടിച്ചത്. ഇതിനു മുമ്പ് 2020 ഫെബ്രുവരി 29ന് സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയില്‍ കണ്ടതും ഇതേ അണലിയാണ്.

ഉത്ര ഈ പാമ്പിനെ കണ്ടു ഭയന്നു നിലവിളിക്കുകയും സൂരജ് എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി ടെറസില്‍ കയറി പുറത്തേക്ക് എറിയുകയും ചെയ്തു. എന്നാല്‍, പിന്നീട് സൂരജ് താഴെയിറങ്ങി ചാക്കെടുത്തു വിറകുപുരയില്‍ വച്ചു. ഈ പാമ്പിനെ മാര്‍ച്ച് രണ്ടിന് ഉത്രയുടെ ദേഹത്തേക്കു കുടഞ്ഞിട്ടു കടിപ്പിക്കുകയായിരുന്നു.

രണ്ടിനു രാത്രി വീടിനു പുറത്തുവച്ച് ഉത്രയെ പാമ്പു കടിച്ചുവെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഉത്രയ്ക്കു കടിയേറ്റത് മുറിയില്‍ വച്ചാണെന്നു കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും അവര്‍ ഇതു മറച്ചുവച്ചതായും അന്വേഷണസംഘം കണ്ടെത്തി. പാമ്പിനെ എത്തിച്ച ചാക്ക് ഉള്‍പ്പെടെ തെളിവെടുപ്പില്‍ കണ്ടടുത്തു.

ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജ് അടൂരിലെ ജ്വല്ലറിയില്‍ വിറ്റതായും വ്യക്തമായി. 15 പവന്‍ സ്വര്‍ണം സ്വന്തം ആവശ്യങ്ങള്‍ക്കായാണ് വിറ്റത്. കൈയിലുണ്ടായിരുന്ന സ്വര്‍ണമാണ് പിതൃസഹോദരിക്കു കൈമാറാനായി സൂരജ് പിതാവിനെ ഏല്പിച്ചത്. ഇതു വീടിനു സമീപത്തെ റബര്‍തോട്ടത്തില്‍ കുഴിച്ചിടുകയായിരുന്നു. <യൃ> <യൃ> വിവാഹദിവസം നല്‍കിയ 96 പവനുള്‍പ്പെടെ 100 പവനോളം സ്വര്‍ണമാണ് ഉത്രയുടെ വീട്ടുകാര്‍ നല്‍കിയിരുന്നത്. ഇതില്‍നിന്ന് 21 പവന്‍ ഉത്രയുടെ വീട്ടുകാര്‍ പണയം വച്ചു പണം സൂരജിന്റെ അച്ഛനു വാഹനം വാങ്ങാനായി ഏല്പിച്ചു. 10 പവന്‍ ബാങ്ക് ലോക്കറിലും ആറു പവന്‍ അതേ ബാങ്കില്‍ പണയം വച്ച നിലയിലും കണ്ടെത്തി.

ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് ഉപയോഗിക്കുകയും പിന്നീട് അടിച്ചു കൊല്ലുകയും ചെയ്ത മൂര്‍ഖന്‍ പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. പോലീസ്, വനം, സയന്റിഫിക് വിദഗ്ധര്‍, വെറ്ററിനറി സര്‍ജന്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കുഴിച്ചുമൂടിയ പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഉത്രയെ കടിച്ചുവെന്നു കരുതുന്ന പാമ്പും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പാമ്പും ഒന്ന് തന്നെയാണെന്ന നിഗമനത്തില്‍ അധികൃതര്‍ എത്തിയിരുന്നു. ഉത്രയുടെ ശരീരത്തില്‍ പ്രവേശിച്ച വിഷവും കണ്ടെടുത്ത പാമ്പിന്റെ വിഷവും ഒന്നാണെന്ന് സ്ഥിരീകരിക്കാന്‍ ഉത്രയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലവുമായി ഒത്തു നോക്കിയിരുന്നു.

152 സെന്റീമീറ്റര്‍ നീളമുള്ള മൂര്‍ഖന്‍ പാമ്പിന്റെ വിഷ പല്ല്, കശേരുക്കള്‍, ശരീര അവശിഷ്ടങ്ങള്‍ എന്നിവ അധികൃതര്‍ കൂടുതല്‍ പരിശോധനയ്ക്കായി ശേഖരിച്ചു. പാമ്പ് ഏത് ഇനത്തില്‍പ്പെട്ടതാണ് എന്ന് വ്യക്തമാക്കാന്‍ ഡിഎന്‍എ പരിശോധന നടത്തി. പാന്പിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നിരുന്നു. പ്രായപൂര്‍ത്തിയായ ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ ഇനത്തിലെ പാമ്പ് തന്നെയാണ് ഉത്രയെ കൊത്തിയതെന്ന് വ്യക്തമായതായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ വെറ്ററിനറി സര്‍ജന്മാര്‍ അന്ന് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button