32.3 C
Kottayam
Wednesday, May 1, 2024

ഉത്രയുടെ പേരില്‍ സൂരജ് വന്‍ തുകയുടെ എല്‍.ഐ.സി പോളിസി എടുത്തിരുന്നു; കൊലപാതകം നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നു

Must read

കൊല്ലം: ഉത്രയുടെ പേരില്‍ സൂരജ് വന്‍ തുകയുടെ എല്‍ ഐ സി പോളിസി എടുത്തിരുന്നുവെന്ന് പോലീസ്. ഉത്രയുടെ കൊലപാതകം സൂരജ് നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്നും ഇതില്‍ ഗൂഢാലോചന നടന്നെന്ന് തെളിയിക്കുന്നതുമാണ് ഈ തെളിവുകള്‍ എന്നും പോലീസ് പറയുന്നു. എല്‍ഐസി പോളിസികളെ കുറിച്ച് വിശദമായി അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

സമാനമായ കേസുകള്‍ മഹാരാഷ്ട്രയിലും നടന്നിട്ടുള്ളതിനാല്‍ ഈ കേസുകളുടെ വിധിയും പോലീസ് പരിശോധിക്കുന്നുണ്ട്. സൂരജിന്റെ കുടുംബാംഗങ്ങളുടെ പങ്കും അന്വേഷിക്കും. അതിനിടെ ഉത്രയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ചും വ്യക്തമാക്കി. അടൂരിലെ മരുന്നുകടയില്‍ നിന്ന് വാങ്ങിയ ഉറക്ക ഗുളികയുടെ ശേഷിച്ച സ്ട്രിപ് സൂരജിന്റെ കയ്യില്‍ നിന്ന് കണ്ടെടുത്തു. പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പായി ഉത്രയ്ക്ക് ഉറക്കഗുളികകള്‍ സൂരജ് നല്‍കിയിരുന്നു.

അതേസമയം ഉത്രയെ രണ്ട് പ്രാവശ്യവും പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന നിഗമനത്തിലാണ് പാമ്പു പിടിത്തക്കാരനായ വാവ സുരേഷ്. ഇക്കാര്യം വിശദീകരിച്ച് വാവ സുരേഷ് പോലീസിന് മൊഴി നല്‍കി. കൊലപാതകത്തില്‍ തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് വാവ സുരേഷിന്റെ മൊഴി എടുത്തത്.

ഉത്രയുടെ മരണത്തില്‍ വാവ സുരേഷ് ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. ആദ്യ തവണ ഉത്രയ്ക്ക് അണലിയുടെ കടിയേറ്റെന്ന് അറിഞ്ഞപ്പോള്‍ തന്നെ അണലി തനിയെ രണ്ടാം നിലയില്‍ എത്തില്ലെന്ന് വാവ സുരേഷ് പറഞ്ഞിരുന്നു.

മൂര്‍ഖന്‍ കടിച്ച് ഉത്ര മരണപ്പെട്ടുവെന്ന് അറിഞ്ഞതോടെ ഉത്രയുടെ ബന്ധുവിനോട് പോലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശം നല്‍കി. പാമ്പ് ഉത്രയുടെ വീടിനുള്ളില്‍ തനിയെ കടക്കാന്‍ സാധ്യതയില്ലെന്നും ഉത്രയുടെ വീട് സന്ദര്‍ശിച്ച വാവ സുരേഷ് നിരീക്ഷിച്ചിരുന്നു.

മൂര്‍ഖന്‍ കടിച്ചപ്പോള്‍ ഉത്ര അറിയാതിരുന്നത് മയക്കുമരുന്നോ ഗുളികയോ നല്‍കിയതിനാലാവാം. ദേഹത്തേക്കു കുടഞ്ഞിട്ടാലും മൂര്‍ഖന്‍ കടിക്കാതെ വേഗത്തില്‍ കടന്നുകളയാനാണു ശ്രമിക്കുക. പാമ്പിനെ കൈയിലെടുത്ത് വേദനിപ്പിച്ച് കടിപ്പിക്കുകയോ മറ്റേതെങ്കിലും ഉപകരണം ഉപയോഗിച്ചു കടിപ്പിക്കുകയോ ചെയ്തതാകാം. ബലം പ്രയോഗിച്ചു കടിപ്പിച്ചാല്‍ ആഴത്തിലുള്ള മുറിവാകും.- വാവ സുരേഷ് നിരീക്ഷിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week