കൊല്ലം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തി ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജ്. ഭാര്യ ഉത്രയെ കൊലപ്പെടുത്തിയതു താനാണെന്നു പ്രതി സൂരജ് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. അടൂര്‍ പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോഴാണു സൂരജ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യമായി കുറ്റസമ്മതം നടത്തിയത്.
ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല, ഞാനാ ചെയ്തത് എന്നു സൂരജ് പറഞ്ഞു. എന്താണു ചെയ്യാനുള്ള കാരണം എന്ന ചോദ്യത്തിന് അങ്ങനെ ചെയ്തു എന്നുമാത്രമാണ് സൂരജ് മറുപടി നല്‍കിയത്. എന്താണ് പ്രേരണ എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നായിരുന്നു സൂരജിന്റെ മറുപടി.
പറക്കോട്ടെ സ്വന്തം വീട്ടില്‍വച്ച് ഉത്രയെ അപായപ്പെടുത്താന്‍ സൂരജ് തീരുമാനിച്ചിരുന്നുവെന്നത് തെളിവെടുപ്പില്‍ വ്യക്തമായതായി പോലീസ് പറഞ്ഞിരുന്നു. ഉത്രയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വാങ്ങിയ അണലിയാണു പറക്കോട്ടെ വീട്ടില്‍ ഉത്രയെ കടിച്ചതെന്നു സൂരജ് അന്വേഷണ സംഘത്തോടു സമ്മതിച്ചിട്ടുണ്ട്.
ഫെബ്രുവരി 29-ന് സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയില്‍ കണ്ടതും ഇതേ അണലിയാണ്. ഉത്ര ഈ പാമ്പിനെ കണ്ടു ഭയന്നു നിലവിളിക്കുകയും സൂരജ് എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി ടെറസില്‍ കയറി പുറത്തേക്ക് എറിയുകയും ചെയ്തു. എന്നാല്‍, പിന്നീട് സൂരജ് താഴെയിറങ്ങി ചാക്കെടുത്തു വിറകുപുരയില്‍ വച്ചു.
ഈ പാമ്പിനെ മാര്‍ച്ച് രണ്ടിന് ഉത്രയുടെ ദേഹത്തേക്കു കുടഞ്ഞിട്ടു കടിപ്പിക്കുകയായിരുന്നു. രണ്ടിനു രാത്രി വീടിനു പുറത്തുവച്ച് ഉത്രയെ പാന്പു കടിച്ചുവെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഉത്രയ്ക്കു കടിയേറ്റത് മുറിയില്‍ വച്ചാണെന്നു കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും അവര്‍ ഇതു മറച്ചുവച്ചതായും അന്വേഷണസംഘം കണ്ടെത്തി. പാന്പിനെ എത്തിച്ച ചാക്ക് ഉള്‍പ്പെടെ തെളിവെടുപ്പില്‍ കണ്ടെടുത്തു.