CrimeNews

ഉത്ര മോഡല്‍ കൊലപാതകം രാജസ്ഥാനിലും; എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്ക് ജാമ്യം നിഷേധിച്ചു

ന്യൂഡല്‍ഹി: പാമ്പാട്ടിയുടെ കൈയ്യില്‍ നിന്നു വാങ്ങിയ പാമ്പിനെ കൊണ്ട് കടിപ്പിച്ച് സ്ത്രീയെ കൊലപ്പെടുത്തി പാമ്പ് കടിയേറ്റുള്ള മരണമാക്കി തീര്‍ക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചു. സുപ്രീംകോടതിയാണ് രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ 2019ല്‍ നടന്ന കൊലപാതകത്തിലെ പ്രതിയായ കൃഷ്ണകുമാറിന് ജാമ്യം നിഷേധിച്ചത്. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയുടെ ജാമ്യഹര്‍ജി തള്ളിയത്.

ഈയടുത്തായി പാമ്പാട്ടികളില്‍നിന്ന് വിഷമുള്ള പാമ്പിനെ വാങ്ങി ആളുകളെ കൊല്ലുന്നത് പുതിയ ട്രെന്‍ഡായിരിക്കുകയാണെന്നും ഇത്തരം സംഭവങ്ങള്‍ രാജസ്ഥാനില്‍ സാധാരണമായിരിക്കുകയാണെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. അതേസമയം, കൃഷ്ണകുമാറിനെതിരേ നേരിട്ടുള്ള തെളിവുകളില്ലെന്നും എഞ്ചിനീയറിങ് വിദ്യാര്‍ഥിയായതിനാല്‍ ഭാവിയെ കരുതി ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിക്ക് വേണ്ടി ഹാജരായ ആദിത്യ ചൗധരി വാദിച്ചത്.

എന്നാല്‍ പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം തള്ളിയ കോടതി, പ്രതിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. 2019 ജൂണ്‍ രണ്ടിനാണ് രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ സുബോദ ദേവി പാമ്പ് കടിയേറ്റ് മരിച്ചത്. കേരളത്തിലെ ഉത്ര വധക്കേസിന് സമാനമായ സംഭവങ്ങളാണ് പിന്നീട് ഇവിടെയും സംഭവിച്ചത്.

സുബോദ ദേവിയുടെ മകന്റെ ഭാര്യയായ അല്‍പനയും കാമുകന്‍ മനീഷും കൃഷ്ണകുമാറിന്റെ സഹായത്തോടെ വാങ്ങിയ പാമ്പിനെ കൊണ്ട് സുബോദ ദേവിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തല്‍. സുബോദ ദേവിയുടെ മരണത്തിന് പിന്നാലെ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് വലിയ കുറ്റകൃത്യം മറനീക്കിയത്.

2018 ഡിസംബര്‍ 18നാണ് അല്പനയും സുബോദ ദേവിയുടെ മകനായ സച്ചിനും വിവാഹിതരാകുന്നത്. ഭര്‍ത്താവ് സച്ചിന്‍ സൈന്യത്തിലായതിനാല്‍ വീട്ടില്‍ അല്‍പനയും സുബോദ ദേവിയും മാത്രമാണ് ഉണ്ടായിരുന്നത്. സുബോദ ദേവിയുടെ മറ്റൊരു മകനും ഭര്‍ത്താവും രാജേഷും ജോലിയാവശ്യാര്‍ഥം മറ്റൊരിടത്തായിരുന്നു താമസം. ഇതിനിടെയാണ് ജയ്പുര്‍ സ്വദേശിയായ മനീഷുമായി അല്പന അടുപ്പത്തിലാകുന്നത്. ഫോണിലൂടെ ആരംഭിച്ച രഹസ്യബന്ധം പ്രണയമായി വളര്‍ന്നു. ഇത് സുബോദ ദേവി കണ്ടെത്തിയതോടെയാണ് അല്‍പനയും മനീഷും ചേര്‍ന്ന് കൊലപാതകം പ്ലാന്‍ ചെയ്തത്.

2019 ജൂണ്‍ രണ്ടിനാണ് സുബോദ ദേവിയെ പാമ്പ് കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരമാസത്തിന് ശേഷമാണ് സംഭവത്തില്‍ കുടുംബം പരാതി നല്‍കിയത്. അന്വേഷണത്തില്‍ മനീഷും അല്പനയും തമ്മിലുള്ള ബന്ധം കണ്ടെത്തി. സുബോദ ദേവി മരിച്ചദിവസം ഇരുവരും തമ്മില്‍ 124 തവണ ഫോണില്‍ സംസാരിച്ചതായു ഇവരുടെ സുഹൃത്തായ കൃഷ്ണകുമാറിനെ അല്പന 19 തവണ വിളിച്ചതും കണ്ടെത്തി. ചില മെസേജുകളും ഇവരുടെ ഫോണുകളില്‍നിന്ന് പോലീസ് കണ്ടെടുത്തു.

പാമ്പാട്ടിയുടെ കൈയില്‍നിന്ന് പതിനായിരം രൂപയ്ക്ക് മനീഷും കൃഷ്ണകുമാറും ചേര്‍ന്ന് പാമ്പിനെ വാങ്ങിയതിനും തെളിവ് ലഭിച്ചതോടെയാണ് മൂന്ന് പ്രതികളും ജയിലിലായത്. 2020 ജനുവരി നാലിനാണ് അല്പന, മനീഷ്, കൃഷ്ണകുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker