പതിവായി ഓഫീസിലേക്ക് വിളിപ്പിക്കും; 14-കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ സ്കൂൾ കൗൺസലർ അറസ്റ്റിൽ
വാഷിങ്ടണ്‍: സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ സ്‌കൂള്‍ കൗണ്‍സലറായ യുവതി അറസ്റ്റില്‍. പെന്‍സില്‍വേനിയ ബക്ക്‌സ് കൗണ്ടിയിലെ പെന്‍ റിഡ്ജ് സൗത്ത് മിഡില്‍ സ്‌കൂളില്‍ കൗണ്‍സലറായ കെല്ലി ആന്‍ ഷാറ്റി(35)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ ഗൈഡന്‍സ് കൗണ്‍സലറായ യുവതി പതിന്നാലുകാരനായ വിദ്യാര്‍ഥിയെ പലതവണ ലൈംഗികമായി ചൂഷണംചെയ്‌തെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ കൗണ്‍സലര്‍ ലൈംഗികമായി ദുരുപയോഗംചെയ്യുന്നതായി പ്രതിയുടെ ബന്ധു തന്നെയാണ് പോലീസിനെ ആദ്യം അറിയിച്ചത്. സ്വന്തം വീട്ടില്‍വെച്ച് പ്രതി വിദ്യാര്‍ഥിയെ ചുംബിക്കുന്നത് ബന്ധുവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടില്‍ക്കയറുകയും വിദ്യാര്‍ഥിയോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ പരിഭ്രാന്തനായ 14-കാരന്‍ ഒരു കാറിന് പിന്നില്‍ ഒളിച്ചിരിക്കുകയും മാതാപിതാക്കളെ ഫോണില്‍ വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളോട് കൗണ്‍സലറുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു.
കൗണ്‍സലറുമായി പ്രണയത്തിലാണെന്നും ശാരീരകബന്ധം പുലര്‍ത്താറുണ്ടെന്നുമാണ് 14-കാരന്‍ മാതാപിതാക്കളോട് തുറന്നുപറന്നത്. ഇതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൗണ്‍സലറെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവര്‍ഷം സ്‌കൂള്‍ ബസിലെ യാത്രയ്ക്കിടെയാണ് കൗണ്‍സലര്‍ ആദ്യം തന്നോട് അടുത്തിടപഴകിയതെന്നായിരുന്നു വിദ്യാര്‍ഥി പോലീസിന് നല്‍കിയ മൊഴി. ക്ലാസ് ടൂര്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ ബസില്‍ കൗണ്‍സലറുടെ അടുത്തായാണ് ഇരുന്നിരുന്നത്. ഇതിനുശേഷം കൗണ്‍സലര്‍ സ്ഥിരമായി ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. ക്ലാസ് സമയത്തടക്കം ഇത് തുടര്‍ന്നു. മാത്രമല്ല, ഓണ്‍ലൈന്‍ വഴി മെസേജ് അയക്കാനും ആരംഭിച്ചു. അധ്യയനവര്‍ഷം അവസാനിച്ചതോടെ സ്‌നാപ്പ് ചാറ്റ് വഴിയായിരുന്നു മെസേജ് അയച്ചിരുന്നത്. ഇതിനൊപ്പം ശാരീരികബന്ധവും തുടര്‍ന്നു. രണ്ടുമാസത്തിനിടെ പലതവണ കൗണ്‍സലര്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായും വിദ്യാര്‍ഥി വെളിപ്പെടുത്തിയിട്ടുണ്ട്.
കൗണ്‍സലറായ പ്രതി സ്വന്തം വീട്ടില്‍വെച്ചും കാറില്‍വെച്ചും വിദ്യാര്‍ഥിയെ ഉപദ്രവിച്ചതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിനുപുറമേ വിദ്യാര്‍ഥിയുടെ വീട്ടില്‍വെച്ചും ലൈംഗികമായി ചൂഷണംചെയ്തു. മാതാപിതാക്കളും സഹോദരിയും പുറത്തുപോകുന്ന സമയത്താണ് കൗണ്‍സലര്‍ വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയിരുന്നത്. ഈ വീട്ടില്‍നിന്ന് പ്രതിയുടെ കമ്മലുകള്‍ കണ്ടെടുത്തതായും ഇരുവരും പരസ്പരം അയച്ചിരുന്ന മെസേജുകളും ചിത്രങ്ങളും വീണ്ടെടുത്തതായും പോലീസ് അറിയിച്ചു.