വാഷിംഗ്ടണ്‍: റഷ്യന്‍ സേനയെ ചെറുക്കാന്‍ യുക്രൈനിലേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് അമേരിക്ക. എന്നാല്‍ അമേരിക്ക യുക്രൈന്‍ ജനതയ്‌ക്കൊപ്പമാണെന്നും പ്രസിഡന്റ് ജോ ബൈഡന്‍. വാഷിംഗ്ടണില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.
റഷ്യന്‍ ആക്രമണത്തെ അപലപിച്ച പ്രസിഡന്റ് യുക്രൈന്‍ അധിനിവേശത്തിന് വ്‌ലാദിമിര്‍ പുടിന്‍ മാത്രമാണ് ഉത്തരവാദിയെന്നും ആരോപിച്ചു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ റഷ്യ വലിയ വില നല്‍കേണ്ടി വരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യ പ്രകോപനമില്ലാതെയാണ് ആക്രമിച്ചത്.
മുന്‍കൂട്ടി ആസൂത്രണം ചെയ്തതും പ്രകോപനമില്ലാത്തതുമായ ആക്രമണമായിരുന്നു യുക്രെയ്‌നുമേല്‍ റഷ്യ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇളക്കാന്‍ ശ്രമിച്ച പുടിന്‍, ഉപരോധത്തോടെ ഒറ്റപ്പെട്ടു. അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും ബൈഡന്‍ പറഞ്ഞു.
അതേസമയം യുക്രെയ്ന്‍ അധിനിവേശത്തിനെതിരെ റഷ്യന്‍ നഗരങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നൂറുകണക്കിനു ആളുകളാണ് യുദ്ധവിരുദ്ധ മുദ്രവാക്യങ്ങളുമായി തെരുവില്‍ ഇറങ്ങി. 90-ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി ബിബിസി റഷ്യന്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നഗരമധ്യത്തിലെ നെവ്സ്‌കി അവന്യൂവിലുള്ള ഗോസ്റ്റിനി ഡ്വോര്‍ ഷോപ്പിംഗ് സെന്ററിലാണ് പ്രതിഷേധം നടന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകനും അറസ്റ്റിലായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
രാജ്യത്ത് വ്യാപകമായി അരങ്ങേറുന്ന പ്രതിഷേധങ്ങളെയെല്ലാം ഭരണകൂടം അടിച്ചമര്‍ത്തുകയും നേതാക്കളെ ജയിലില്‍ അടയ്ക്കുന്നതും തുടരുകയാണ്. കഴിഞ്ഞ ദിവസം ഏകദേശം 900 പ്രതിഷേധക്കാരെ പോലീസ് തടഞ്ഞുവച്ചിരുന്നു.