KeralaNews

റഷ്യയ്ക്കെതിരെ ഉപരോധം കടുപ്പിച്ച് അമേരിക്ക, നടപടി യുക്രൈനിലെ വിമത പ്രദേശങ്ങള്‍ റഷ്യയോട് ചേര്‍ത്തതിന് പിന്നാലെ

വാഷിംഗ്ടൺ:യുക്രൈനിലെ വിമത പ്രദേശങ്ങള്‍ റഷ്യയോട് ചേര്‍ത്തെന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക. വ്ലാദിമിർ പുടിന്റെ പ്രഖ്യാപനം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് അപലപിച്ചുകൊണ്ടാണ് റഷ്യയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. യുക്രൈനിന്‍റെ അതിര്‍ത്തികളെ എന്നും ബഹുമാനിക്കുന്നുവെന്ന് വിശദമാക്കിയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനം.

വെള്ളിയാഴ്ചയാണ് അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്മെന്‍റ് ഉപരോധം പ്രഖ്യാപിച്ചത്. 300ഓളം ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഉപരോധം. റഷ്യയുടെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കയിലെ പൌരന്മാര്‍ ഉപരോധം പ്രഖ്യാപിച്ചവരുമായി വ്യാപാരം നടത്തുന്നത് നിയമ വിരുദ്ധമാക്കുന്നതാണ് നടപടി. ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളവരുടെ ആസ്തികള്‍ മരവിപ്പിച്ചിട്ടുമുണ്ട്. റഷ്യയുടെ സൈനിക വ്യവസായ മേഖലയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് ഉപരോധം കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് അമേരിക്ക വിശദമാക്കുന്നത്.

റഷ്യയുടെ യുക്രൈന്‍ അധിനിവേശവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 900ത്തോളം ആളുകളെ വിസ നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യുക്രൈന്‍റെ പ്രദേശങ്ങളെ പിടിച്ചെടുക്കാനുള്ള റഷ്യയുടെ വഞ്ചനാപരമായ ശ്രമങ്ങളെ അപലപിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്‍റെ ജോ ബൈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ലോകത്തില്‍ തന്നെ ഏറ്റവുമധികം ഉപരോധം നേരിടുന്ന രാജ്യമായി റഷ്യ മാറിയിട്ടുണ്ട്. നേരത്തെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു.

അമേരിക്കന്‍ എക്സ്പ്രസ് പോലുള്ള ധനകാര്യ സ്ഥാപനങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളടക്കം റഷ്യയിലെ സേവനം നേരത്തെ നിര്‍ത്തിയിരുന്നു. യുക്രൈനിന്‍റെ കിഴക്കന്‍ പട്ടണങ്ങളായ ലുഹാന്‍സ്ക്, ഖേര്‍സോണ്‍, സപ്പോരിസിയ,ഡോനെറ്റസ്ക് എന്നിവയെ റഷ്യയോട് കൂട്ടിച്ചേർത്തുകൊണ്ടുള്ള പ്രഖ്യാപനം മോസ്‌കോ ക്രെംലിനിൽ നടന്ന ഔപചാരിക ചടങ്ങിലാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍ നടത്തിയത്.

ഇതിന് പിന്നാലെ യുക്രൈന്‍ നാറ്റോ അംഗത്വത്തിന് അപേക്ഷിച്ച വിവരം യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി വെളിപ്പെടുത്തിയിരുന്നു. അംഗത്വം നല്‍കുന്നതില്‍ വേഗത്തില്‍ തീരുമാനം വേണണെന്നാണ് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി നാറ്റോയോട് ആവശ്യപ്പെട്ടത്. വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു കൊണ്ടാണ് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ഈ വിവരം അറിയിച്ചത്. റഷ്യ ബലമായി പിടിച്ചെടുത്ത പ്രവിശ്യകളെ എത്രയും പെട്ടെന്ന് തിരികെ പിടിക്കുമെന്നും വോളോഡിമിർ സെലന്‍സ്കി വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button