കാസ്പർസ്‌കീയെ നിരോധിച്ച് അമേരിക്ക; ഉൽപന്നങ്ങൾ വില്‍ക്കുന്നതിന് നിരോധനം, വിശദാംശങ്ങളിങ്ങനെ
ന്യൂയോര്‍ക്ക്:റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കീയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ യു.എസ്. ഭരണകൂടം. രാജ്യസുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജൂലായ് 20 മുതല്‍ യു.എസ്. ഉപഭോക്താക്കള്‍ക്ക് കാസ്പര്‍സ്‌കീ തങ്ങളുടെ ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിന് ബൈഡന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. സെപ്റ്റംബര്‍ 29 വരെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ നല്‍കാന്‍ മാത്രമാണ് അനുമതി.
കാസ്പര്‍സ്‌കീയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് യു.എസ്. സുരക്ഷാ ഏജന്‍സികള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന സുരക്ഷാ മുന്നറിയിപ്പുകളാണ് ഇപ്പോള്‍ നിരോധനത്തില്‍ എത്തിയിരിക്കുന്നത്. കാസ്പര്‍സ്‌കീ സോഫ്റ്റ്‌വെയര്‍ വഴി റഷ്യ യു.എസില്‍ രഹസ്യ നിരീക്ഷണം നടത്താനിടയുണ്ടെന്നാണ് യു.എസിന്റെ ആശങ്ക. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി വിലയിരുത്തുന്നു.
കാസ്പര്‍സ്‌കീയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് യു.എസ്. നടത്തിയത്. കാസ്പര്‍സ്‌കീ ഉയര്‍ത്തുന്ന ഭീഷണികള്‍ തടയാനുള്ള വഴികള്‍ തേടിയിരുന്നു. എന്നാല്‍ കാസ്പര്‍സ്‌കീയുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാനുള്ള റഷ്യന്‍ ഭരണകൂടത്തിന്റെ കഴിവുകളും ശേഷിയും തിരിച്ചറിഞ്ഞ അധികൃതര്‍ ഒടുവില്‍ കമ്പനിയുടെ സമ്പൂര്‍ണ നിരോധനം എന്ന തീരുമാനത്തിലെത്തുകയായിരുന്നു.
യു.എസും റഷ്യയും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വിരോധത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാസ്പര്‍സ്‌കീയ്‌ക്കെതിരായ നടപടി. വിവിധ മേഖലകളില്‍ യു.എസും റഷ്യയും സഹകരിച്ചിരുന്നുവെങ്കിലും യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള വിരോധം കൂടുതല്‍ വഷളാക്കി.
നേരത്തെ തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളും, ഉദ്യോഗസ്ഥരും കാസ്പര്‍സ്‌കീ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത് യു.എസ്. തടഞ്ഞിരുന്നു. കാസ്പര്‍സ്‌കീയ്ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്ന പുതിയ തീരുമാനം കാസ്പര്‍സ്‌കീയുടെ നിലവിലെ ഉപഭോക്താക്കളെ ബാധിക്കും.
,യു.എസിലെ കാസ്പര്‍സ്‌കീ ഉപയോഗിച്ചതിന്റെ പേരില്‍ ഉപഭോക്താക്കള്‍ക്കെതിരെ നിയമനടപടി ഉണ്ടാവില്ലെന്നും അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും യു.എസ്. വാണിജ്യ സെക്രട്ടറി ഗിന റായ്‌മോണ്ടോ പറഞ്ഞു. അതേസമയം, കാസ്പര്‍സ്‌കീ ഉപേക്ഷിക്കാനും ഉപഭോതാവിനും അയാളുടെ ഡാറ്റയ്ക്കും കുടുംബത്തിനും സംരക്ഷണം നല്‍കുന്ന മറ്റ് സംവിധാനങ്ങളിലേക്ക് മാറാനും റായ്‌മോണ്ടോ നിര്‍ദേശം നല്‍കി.
2017-ലാണ് കാസ്പര്‍സ്‌കീയുടെ ഉല്പന്നങ്ങള്‍ യു.എസ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് വിലക്കിയത്. 2022-ല്‍ തന്നെ കാസ്പര്‍സ്‌കീയെ യു.എസ്. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ രാജ്യത്തിന് ഭീഷണിയാവുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിവിധ ചൈനീസ് കമ്പനികളേയും ഇതേ പട്ടികയില്‍ യു.എസ്. ഉള്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം മോസ്‌കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാസ്പര്‍സ്‌കീ ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു. എങ്കിലും കാസ്പര്‍സ്‌കീ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന നിലപാടില്‍ ഉറച്ചുനിന്ന യു.എസ്. നടപടികള്‍ തുടരുകയായിരുന്നു.