സിറിയയിലെ ഐഎസ് ട്രെയിനിംഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം; 37 ഭീകരർ കൊല്ലപ്പെട്ടു
ന്യൂയോർക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്രെയിനിംഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം. ഈ മാസം രണ്ട് തവണകളിലായി നടത്തിയ വ്യോമാക്രമണത്തിൽ 37 ഭീകരരെ വധിച്ചെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിൻ്റെയും അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഹുറാസ് അൽ-ദിനിൻ്റെയും നിരവധി മുതിർന്ന നേതാക്കൾ ഉൾപ്പെടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
സെപ്തംബർ 16, സെപ്തംബർ 24 തീയതികളിലാണ് സിറിയയിൽ ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെൻ്റ്കോം) പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിൽ സാധാരണക്കാർക്ക് പരിക്കേറ്റതായി സൂചനയില്ല. സെപ്തംബർ 16 ന് സെൻട്രൽ സിറിയയിലെ ഒരു അജ്ഞാത സ്ഥലത്ത് കേന്ദ്രീകരിച്ചിരുന്ന ഐഎസ് ട്രെയിനിംഗ് ക്യാമ്പിലാണ് അമേരിക്ക വലിയ തോതിലുള്ള വ്യോമാക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ നാല് സിറിയൻ നേതാക്കൾ ഉൾപ്പെടെ 28 ഭീകരവാദികൾ കൊല്ലപ്പെട്ടെന്ന് അമേരിക്ക അറിയിച്ചു.
അമേരിക്കൻ താൽപ്പര്യങ്ങൾക്കും സഖ്യകക്ഷികൾക്കും എതിരായ പ്രവർത്തനങ്ങൾ നടത്താനുള്ള ഐഎസിൻ്റെ കഴിവിനെ ഇല്ലാതാക്കുകയാണ് വ്യോമാക്രമണങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കി. ഐഎസിന്റെ തിരിച്ചുവരവ് തടയാനായി ഏകദേശം 900 യുഎസ് സേനകളാണ് സിറിയയിലുള്ളത്.