യുഎസ് സൈനിക രഹസ്യങ്ങള്‍ ചോര്‍ന്നു: എയർ നാഷനൽ ഗാർഡ് അംഗം അറസ്റ്റിൽ
ബോസ്റ്റൺ: അതീവരഹസ്യമായ സൈനിക ഇന്റലിജൻസ് രേഖകൾ ചോർത്തി ഇന്റർനെറ്റിലിട്ട സംഭവത്തിൽ യുഎസ് വ്യോമസേന എയർ നാഷനൽ ഗാർഡ് അംഗം അറസ്റ്റിൽ. വ്യാഴാഴ്ച മാസച്യുസിറ്റ്സ് നോർത്ത് ഡൈടനിലെ വസതിയിൽനിന്നാണു ജാക് ഡഗ്ലസ് ടെഷേറയെ (21) എഫ്ബിഐ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) അറസ്റ്റ് ചെയ്തത്.
ചോർത്തിയ രഹസ്യരേഖകൾ കഴിഞ്ഞമാസമാണു സമൂഹമാധ്യമ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടതെന്നാണു സൂചന. അധികമാരും അറിയാതിരുന്ന ഇതു കഴിഞ്ഞയാഴ്ച ന്യൂയോർക്ക് ടൈംസ് വാർത്തയായി പ്രസിദ്ധീകരിച്ചതോടെയാണു പുറംലോകമറിഞ്ഞത്.
FBI Statement on today's arrest of Jack Douglas Teixeira, of North Dighton, Massachusetts. pic.twitter.com/SC81ryuhRC
— FBI Boston (@FBIBoston) April 13, 2023
വിഡിയോ ദൃശ്യങ്ങൾ, നയതന്ത്ര ഫോൺസംഭാഷണങ്ങൾ എന്നിവ അടക്കം രേഖകളാണു ചോർന്നത്. 2010 ൽ വിക്കിലീക്സ് വെബ്സൈറ്റിലെ വെളിപ്പെടുത്തലിനുശേഷമുള്ള ഏറ്റവും ഗുരുതരമായ സുരക്ഷാവീഴ്ചയാണിതെന്നാണു വിലയിരുത്തൽ. യുക്രെയ്ൻ സൈനികവിവരങ്ങൾ മുതൽ സഖ്യകക്ഷികളായ ഇസ്രയേൽ, ദക്ഷിണ കൊറിയ, തുർക്കി എന്നിവരിൽനിന്നു യുഎസ് ചോർത്തിയ നിർണായക വിവരങ്ങളും രേഖകളിൽ ഉൾപ്പെടുന്നു.
മാസച്യുസിറ്റ്സ് നാഷനൽ ഗാർഡിലെ ഇന്റലിജൻസ് വിങ്ങിൽ ഐടി സ്പെഷലിസ്റ്റ് ആയാണു ടെഷേറ ജോലിചെയ്തിരുന്നത്. യുഎസ് വ്യോമസേനയുടെ റിസർവ് വിഭാഗമാണു നാഷനൽ ഗാർഡ്. ഇവർ മുഴുവൻസമയ സൈനികരല്ല. ആവശ്യഘട്ടത്തിൽ മാത്രം നിയോഗിക്കും. എയർമാൻ ഫസ്റ്റ് ക്ലാസ് ആണു ടേഷേറയുടെ റാങ്ക്–താരതമ്യേന ജൂനിയർ തസ്തികയാണിത്.
ടെഷേറയെ വീട്ടിൽനിന്ന് സായുധ എഫ്ബിഐ സംഘം അറസ്റ്റ് ചെയ്തു വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിരോധവിവരങ്ങൾ ചോർത്തി പരസ്യപ്പെടുത്തിയെന്ന കേസിലാണു നിലവിൽ അറസ്റ്റ്. 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്.
The FBI arrested Jack Douglas Teixeira, a 21-year-old member of the US Air National Guard, over the leaks online of classified documents https://t.co/DVrF5o8NrN pic.twitter.com/8EtduBQile
— Reuters (@Reuters) April 14, 2023
വിക്കിലീക്സ് കേസിൽ, രേഖകൾ ചോർത്തിയ യുഎസ് ആർമിയിലെ ചെൽസി മാനിങ് 35 വർഷം തടവിനാണു ശിക്ഷിക്കപ്പെട്ടത്. പിന്നീട് ശിക്ഷ ഒബാമ ഭരണകൂടം ഇളവു ചെയ്തിരുന്നു. ഈ കേസിൽ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ ബ്രിട്ടനിൽനിന്ന് ഇതുവരെ വിചാരണയ്ക്കു വിട്ടുകിട്ടിയിട്ടില്ല.
ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റഷ്യയോട് അനുഭാവം കാട്ടുന്നതായി യുഎസ് വിശ്വസിക്കുന്നുവെന്നു പുറത്തായ രഹസ്യരേഖകൾ പറയുന്നു. ഇക്കാരണത്താൽ യുഎസ് രഹസ്യാന്വേഷണവിഭാഗം ഗുട്ടെറസിന്റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു.
കഴിഞ്ഞവർഷം ജൂലൈയിൽ യുക്രെയ്ൻ സംഘർഷം മൂലം ലോകം ഭക്ഷ്യക്ഷാമത്തിലേക്കു നീങ്ങവേ, യുഎന്നും തുർക്കിയും ചേർന്നാണു കരിങ്കടൽവഴിയുള്ള ധാന്യക്കയറ്റുമതി പുനരാരംഭിക്കാൻ റഷ്യയുമായി ധാരണ ഉണ്ടാക്കിയത്. ഈ കരാറിൽ റഷ്യൻതാൽപര്യം സംരക്ഷിക്കാൻ ഗുട്ടെറസ് മുന്നിട്ടിറങ്ങിയെന്നാണു യുഎസ് വിലയിരുത്തൽ. ഗുട്ടെറസും ഡപ്യൂട്ടി സെക്രട്ടറി ജനറൽ അമിന മുഹമ്മദും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും യുഎസ് ചോർത്തി.