‘പുതിയ സ്വര്‍ണം ‘ തക്കാളി ആഭരണമായി അണിഞ്ഞ് ഉര്‍ഫി ജാവേദ്
മുംബൈ:ഫാഷൻ പരീക്ഷണങ്ങളുടെ പേരില്‍ പ്രശസ്തയായ താരമാണ് ഉര്‍ഫി ജാവേദ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഉര്‍ഫി ശ്രദ്ധേയയാകുന്നതെങ്കിലും ഇതിന് ശേഷം പലപ്പോഴായി നടത്തിയിട്ടുള്ള വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങളാണ് ഉര്‍ഫിയെ വലിയ രീതിയില്‍ സുപരിചിതയാക്കിയത്.
അല്‍പവസ്ത്രധാരിയെന്നും, ഫാഷന്‍റെ പേരില്‍ ശരീരം വില്‍ക്കുന്ന സ്ത്രീയെന്നുമെല്ലാം ഉര്‍ഫിക്കെതിരെ കമന്‍റുകള്‍ വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ക്കെതിരെ വധഭീഷണി വരെ വന്നിട്ടുണ്ട്. എല്ലാം ഇവരുടെ വ്യത്യസ്തമായ ഫാഷൻ അഭിരുചിയുടെ പേരില്‍ മാത്രം.
എന്തായാലും വിമര്‍ശനങ്ങളെയെല്ലാം ആരോഗ്യകരമായി നേരിട്ടുകൊണ്ട് തന്നെ തന്‍റെ മേഖലയില്‍ മുന്നോട്ട് പോകുകയാണ് ഉര്‍ഫി. ഇപ്പോഴിതാ തക്കാളിക്ക് വില ഉയര്‍ന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെടുത്തി ഉര്‍ഫി പങ്കുവച്ചൊരു ചെറുവീഡിയോയും ഫോട്ടോയുമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
തക്കാളിയാണ് ഇപ്പോള്‍ സ്വര്‍ണം എന്ന അടിക്കുറിപ്പോടെ തക്കാളി കൊണ്ട് തയ്യാറാക്കിയ കമ്മലുകള്‍ അണിഞ്ഞാണ് വീഡിയോയിലും ഫോട്ടോയിലും ഉര്‍ഫിയെ കാണുന്നത്. കയ്യിലൊരു തക്കാളിയുള്ളത് കടിച്ച്, കഴിക്കുന്നതും വീഡിയോയിലുണ്ട്.
തക്കാളി അടക്കമുള്ള പച്ചക്കറികളുടെ വില ഉയര്‍ന്നപ്പോള്‍ സെലിബ്രിറ്റികളുള്‍പ്പെടെയുള്ളവര്‍ പല രീതിയില്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ബോളിവുഡ് താരം സുനില്‍ ഷെട്ടി ഇതെക്കുറിച്ച് ഒരഭിമുഖത്തില്‍ സംസാരിച്ചത് വാര്‍ത്തയായിരുന്നു.
തക്കാളിക്ക് വില കൂടിയതിന് ശേഷം തന്‍റെ വീട്ടില്‍ തക്കാളി ഉപയോഗം കുറച്ചുവെന്നും, ഈ വിലക്കയറ്റമെല്ലാം സാധാരണക്കാരെ പോലെ തന്നെ സെലിബ്രിറ്റികളെയും ബാധിക്കുമെന്നുമായിരുന്നു സുനില്‍ ഷെട്ടി പറഞ്ഞത്.
എന്നാല്‍ ഉര്‍ഫി തന്‍റേതായ രീതിയില്‍ ഈ വിഷയത്തില്‍ പ്രതികരണം നടത്തിയപ്പോഴും അധികവും നെഗറ്റീവ് കമന്‍റുകള്‍ തന്നെയാണ് ഉര്‍ഫിക്ക് കിട്ടുന്നത്. അതേസമയം എപ്പോഴത്തെയും പോലെ ഉര്‍ഫിയെ അനുകൂലിക്കുന്ന ഒരു വിഭാഗം പേരും രംഗത്തുണ്ട്. അവര്‍, അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്നു, ഇഷ്ടമുള്ള ഫാഷൻ അഭിരുചിയില്‍ തുടരുന്നു- അത് കാണാൻ താല്‍പര്യമില്ലാത്തവര്‍ക്ക് അവരെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യാതിരിക്കാനുള്ള അവസരമുണ്ടല്ലോ എന്നാണിവര്‍ ചോദിക്കുന്നത്.
എന്തായാലും ഉര്‍ഫിയുടെ ‘തക്കാളി വില സ്പെഷ്യല്‍’ വീഡിയോയും ഫോട്ടോയും വലിയ രീതിയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു എന്ന് പറയാം.