വഴിയരികില്‍ ഉണ്ണിയപ്പം വിറ്റ് പള്ളി വികാരി! കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
കോട്ടയം: വഴിയരികില്‍ ഉണ്ണിയപ്പക്കച്ചവടം നടത്തി സോഷ്യല്‍ മീഡിയയില്‍ താരമായി ഒരു പള്ളീലച്ചന്‍. എരുമേലി പഴയകൊരട്ടി പള്ളിയിലെ വികാരിയാണ് ഉണ്ണിയപ്പ കച്ചവടത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ചേനപ്പാടിക്ക് പോകുന്നവഴി റോഡരുകില്‍ ഉണ്ണിയപ്പം വില്‍ക്കുന്നയാളുടെ സഹായിയായാണ് വികാരിയച്ചന്‍ പ്രവര്‍ത്തിക്കുന്നത്. പ്രത്യേക ചേരുവകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിന് 150 ഗ്രാമിന് 40 രൂപയാണ് വില. ഒരാളെ കൊണ്ട് ഒറ്റയ്ക്ക് ഉണ്ണിയപ്പം ഉണ്ടാക്കാനും ആവശ്യക്കാര്‍ക്ക് അത് എടുത്തു നല്‍കാനും എല്ലാം കൂടി നടക്കില്ലെന്ന് ബോധ്യമായതോടെയാണ് പള്ളി വികാരി ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ഉണ്ണിയപ്പം വില്‍ക്കുന്നയാളെ സഹായിക്കാന്‍ തയ്യാറായത്. പള്ളിയിലെ തിരക്കിനിടയില്‍ തനിക്ക് കിട്ടിയ ഇടവേളയിലാണ് വികാരി കടക്കാരനെ സഹായിക്കാന്‍ എത്തുന്നത്. പാതയോരത്ത് നാട്ടുരുചിയുടെ മധുരം വിറ്റ് ജീവിതത്തിന്റെ നൂല്പാലം നടന്നു തീര്‍ക്കുന്നയാളെ സഹായിക്കാന്‍ എത്തിയ ആ നന്മയുടെ സൗഹൃദത്തിന് ബിഗ് സല്യൂട്ട്.