
ജയ്പുർ: ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ സീസണിൽ ആദ്യ മൂന്നു മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ നയിക്കാൻ മലയാളി താരം സഞ്ജു സാംസൺ ഉണ്ടാകില്ല. പകരം, അസമിൽനിന്നുള്ള യുവതാരം റിയാൻ പരാഗായിരിക്കും രാജസ്ഥാൻ നായകൻ. രാജസ്ഥാൻ ടീം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു വിഡിയോയിൽ, സഞ്ജു സാംസൺ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൈവിരലിനേറ്റ പരുക്കിന് ശസ്ത്രക്രിയയ്‌ക്കു വിധേയനായ സഞ്ജു, ആദ്യ മത്സരങ്ങളിൽ ബാറ്ററായി കളിക്കുമെന്നും രാജസ്ഥാൻ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. അതേസമയം, ഐപിഎലിനു മുന്നോടിയായി മുംബൈയിൽ നടക്കുന്ന ടീം ക്യാപ്റ്റൻമാരുടെ യോഗത്തിൽ സഞ്ജു സാംസണാകും രാജസ്ഥാനെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.
‘‘പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാൽ ആദ്യത്തെ മൂന്നു മത്സരങ്ങളിൽ എനിക്ക് കളിക്കാനാകില്ല. ഈ ടീമിൽ നേതൃശേഷിയുള്ള ഒട്ടേറെ താരങ്ങളുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ടീമിലെ അന്തരീക്ഷം ഏറ്റവും മികച്ചതായി സൂക്ഷിക്കുന്നതിൽ സവിശേഷ ശ്രദ്ധ പുലർത്തുന്ന താരങ്ങളുണ്ട്. ഇത്തവണ ആദ്യ മൂന്നു മത്സരങ്ങളിൽ റയാൻ പരാഗാകും രാജസ്ഥാനെ നയിക്കുക. എല്ലാവരും അദ്ദേഹത്തിന് ഉറച്ച പിന്തുണ നൽകുമെന്നാണ് എന്റെ പ്രതീക്ഷ’ – സഞ്ജു പറഞ്ഞു.
ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 18–ാം സീസണിലേക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ കഴിഞ്ഞ ദിവസമാണ് സഞ്ജു ടീമിനൊപ്പം ചേർന്നത്. താരം ജയ്പുർ വിമാനത്താവളത്തിൽ വന്നിറങ്ങുന്നതു മുതൽ ടീം ക്യാംപിലെത്തി പരിശീലകൻ രാഹുൽ ദ്രാവിഡിനെയും ടീമംഗങ്ങളെയും ഉൾപ്പെടെ സന്ദർശിക്കുന്നത് വരെയുള്ള ദൃശ്യങ്ങൾ രാജസ്ഥാൻ റോയൽസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ്, ആദ്യ മൂന്നു മത്സരങ്ങളിൽ സഞ്ജു ബാറ്റർ മാത്രമായിട്ടായിരിക്കും കളിക്കുക എന്ന അറിയിപ്പ്. ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കും വരെ താരത്തെ ഇംപാക്ട് പ്ലേയറായി കളിപ്പിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്‌ക്കിടെ കൈവിരലിനേറ്റ പരുക്കിനെ തുടർന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനായി വിശ്രമത്തിലായിരുന്നു സഞ്ജു. മാർച്ച് 23ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം. ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ കിരീടമാണ് രാജസ്ഥാൻ റോയൽസ് ലക്ഷ്യമിടുന്നത്. 2008ലെ പ്രഥമ സീസണിൽ ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ ചാംപ്യൻമാരായിരുന്നു.
ഐപിഎൽ മെഗാതാരലേലത്തിൽ അഴിച്ചുപണിത ടീമുമായാണ് ഇത്തവണ രാജസ്ഥാൻ എത്തുന്നത്. ടീമിലെ പരിചിത മുഖങ്ങളായിരുന്ന ജോസ് ബട്‍ലർ, ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചെഹൽ തുടങ്ങിയവർ ഇത്തവണ രാജസ്ഥാനൊപ്പമില്ല. പകരം നിതീഷ് റാണ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ തുടങ്ങിയവർ ടീമിലെത്തി.
2022ൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിച്ച ചരിത്രമുള്ള സഞ്ജു, അന്ന് ഗുജറാത്ത് ടൈറ്റൻസിനോട് തോൽവി വഴങ്ങിയിരുന്നു. 2023ൽ ടീം ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായി. 2024ൽ പ്ലേഓഫിൽ കടന്നെങ്കിലും കിരീടം അകന്നുനിന്നു. എലിമിനേറ്ററിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ വീഴ്ത്തിയെങ്കിലും, രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റാണ് ടീം പുറത്തായത്.