കൊച്ചി: തൃക്കാക്കര എം.എല്‍.എ ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലെത്തിയിട്ടുണ്ടെന്ന് റെനെ മെഡിസിറ്റി പുറത്ത് വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും വെന്റിലേറ്റര്‍ സഹായം ഇപ്പോഴും തുടരുകയാണെന്നും ബുള്ളറ്റിനില്‍ പറയുന്നു.ൽ
‘തലയ്ക്ക് പരിക്ക് ഗുരുതരമാണെങ്കില്‍കൂടി അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോ മിഷേല്‍ ജോണി അറിയിച്ചു. അസ്ഥികള്‍ക്ക് ഗുരുതരമായ ഒടിവില്ല. മുറിവുകള്‍ക്ക് തുന്നലുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗിയുടെ പുരോഗതി 24 മണിക്കൂര്‍ നേരത്തെ നിരീക്ഷണത്തിന് ശേഷമേ പറയാന്‍ സാധിക്കുകയുള്ളു’- മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
കലൂര്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട് 12000 നര്‍ത്തകര്‍ അണിനിരക്കുന്ന നൃത്തപരിപാടിയുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഉമാ തോമസ് എം.എല്‍.എ. ആളുകളോട് സംസാരിച്ചുകൊണ്ട് ഇരിപ്പിടത്തില്‍ ഇരിക്കാനായുമ്പോള്‍ വി.ഐ.പി സുരക്ഷയ്ക്കായി ഒരുക്കിയ ബാരിക്കേഡില്‍ പിടിത്തം കിട്ടാതെ വീഴുകയായിരുന്നു.
തുടര്‍ന്ന് റെനെ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ബാരിക്കേഡിന്റെ സ്ഥാനത്ത് റിബ്ബണ്‍ കെട്ടിവച്ചായിരുന്നു നിര്‍മാണമെന്നും ആരോപണമുണ്ട്.