InternationalNews

എ.ടി.എമ്മുകള്‍ പലതും കാലി, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നീണ്ട ക്യൂ; ഭീതിയില്‍ യുക്രൈന്‍ ജനത

കീവ്: റഷ്യന്‍ സൈന്യത്തിന്റെ ആക്രമത്തിന് പിന്നാലെ ആശങ്കയിലും ഭീതിയിലും പരക്കം പാഞ്ഞ് യുക്രെയ്ന്‍ നിവാസികള്‍. പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ എടിഎമ്മുകള്‍ പലതും കാലിയായ അവസ്ഥയാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. ഭക്ഷണശാലകള്‍ അടച്ചിട്ടിരിക്കുകയാണ്.

തലസ്ഥാനമായ കീവില്‍നിന്ന് ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. മിക്ക റോഡുകളിലും ഗതാഗത കുരുക്ക് രൂക്ഷമാണ്. ഇതിനിടെ, ഷെല്ലാക്രമണ ഭീഷണിയില്‍നിന്ന് രക്ഷപ്പെടാന്‍ ഭൂഗര്‍ഭ മെട്രോയില്‍ അഭയം പ്രാപിച്ചവരും ഏറെയാണ്.

റഷ്യക്കെതിരേ ശക്തമായ പ്രത്യാക്രമണവുമായി യുക്രെയ്ന്‍ രംഗത്തെത്തി. തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ച് കയറിയ 50 റഷ്യന്‍ സൈനികരെ വധിച്ചതായി യുക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ റഷ്യ തയാറായിട്ടില്ല. നേരത്തേ, അഞ്ച് റഷ്യന്‍ യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്റ്ററും യുക്രെയ്ന്‍ വെടിവച്ചിട്ടിരുന്നു. ഇതിനിടെ, അമേരിക്കന്‍ യുദ്ധ വിമാനങ്ങളെ യുക്രെയ്ന്‍ വ്യോമാതിര്‍ത്തിയില്‍ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയംറഷ്യന്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെതായി യുക്രൈന്‍. റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഒമ്പതു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ ആക്രമണത്തില്‍ യുക്രൈന്‍ സൈനികര്‍ മരിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി നഗരങ്ങള്‍ ആക്രമിക്കപ്പെട്ടതായി യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി വ്യക്തമാക്കി.

പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. ക്രിമിയ, ബെലാറസ് എന്നീ മേഖലകളില്‍ നിന്നും കരിങ്കടല്‍ വഴിയും റഷ്യ യുക്രൈനെ ആക്രമിക്കുന്നു. നൂറോളം പേര്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനമുണ്ടായി. കാര്‍ഖിവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം താമസിക്കുന്ന ഹോസ്റ്റലിന് സമീപവും റഷ്യന്‍ മിസൈലാക്രമണം ഉണ്ടായി.

വ്യോമാക്രമണത്തില്‍ കിര്‍ഖിവിലെ അപ്പാര്‍ട്ട്മെന്റിന് നാശമുണ്ടായിട്ടുണ്ട്. ആളപായം ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. കീവ് ബോറിസ്പില്‍, നിക്കോളേവ്, ക്രാമാറ്റോര്‍സ്‌ക്, ഖെര്‍സോന്‍ വിമാനത്താവളങ്ങള്‍ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. കാര്‍ഖിവിലെ മിലിറ്ററി എയര്‍പോര്‍ട്ടിനും മിസൈലാക്രമണത്തില്‍ കനത്ത നാശം നേരിട്ടു. ഇവാനോ-ഫ്രാങ്കിവ്സ്‌ക് വിമാനത്താവളത്തിലും റഷ്യന്‍ മിസൈല്‍ പതിച്ചു.

യുക്രൈന്റെ കിഴക്കന്‍ മേഖലകളിലെ രണ്ടു പ്രദേശങ്ങള്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. റഷ്യക്കൊപ്പം വിമതരും യുക്രൈന്‍ സൈന്യത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. യുക്രൈനിലെ ലുഹാന്‍സ്‌ക് പട്ടണത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്റ് പുടിന്റെ യുദ്ധപ്രഖ്യാപനത്തിനു മണിക്കൂറുകള്‍ക്കകം യുക്രെയ്നിലെ വ്യോമത്താവളങ്ങളും പ്രതിരോധസംവിധാനങ്ങളും നിര്‍വീര്യമാക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker