KeralaNewsPolitics

‘കേരളത്തിൽ യുഡിഎഫ് ഭരണമായിരുന്നു ദുരന്തം’ആഞ്ഞടിച്ച് പിണറായി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ സെക്രട്ടേറിയേറ്റ് വളഞ്ഞ് സമരം ചെയ്ത പ്രതിപക്ഷത്തിന്, രണ്ടാം വാർഷികാഘോഷ വേദിയിൽ രൂക്ഷമായ മറുപടിയുമായി മുഖ്യമന്ത്രി. രാഷ്ട്രീയ വിമർശനവുമായി പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി, കേരളത്തിൽ യുഡിഎഫ് അധികാരത്തിലിരുന്നത് ദുരന്തമാണെന്ന് വിമർശിച്ചു. എല്ലാ മേഖലയിലും യുഡിഎഫ് കാലത്ത് കേരളം പുറകോട്ട് പോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും ഒരേപോലെ സംസ്ഥാന സർക്കാരിനെ എതിർക്കുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ആക്ഷേപങ്ങൾ ഉന്നയിക്കാനാണ് ഇന്ന് സെക്രട്ടേറിയേറ്റ് വളഞ്ഞ് യുഡിഎഫ് സമരം ചെയ്തത്. സംസ്ഥാന സർക്കാരിനെതിരെ നുണകൾ പടച്ചുവിടുക, പല ആവർത്തി പ്രചരിപ്പിക്കുക അതാണ് യുഡിഎഫ് നടത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

പ്രതിപക്ഷത്തിന്റെ ഈ ശ്രമത്തിന് വലതുപക്ഷ മാധ്യമങ്ങൾ കൂട്ടുനിൽക്കുകയാണെന്നും ഇതാണ് ഇതുവരെ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനെ ആക്രമിക്കാൻ കേന്ദ്ര സർക്കാരിനെ പ്രത്യേക രീതിയിൽ ഉപയോഗിക്കുന്ന നെറികേടാണ് ആണ് ബിജെപി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടതുപക്ഷം അധികാരത്തിൽ വന്ന 2016 ന് മുൻപുള്ള കേരളം നിരാശ ബാധിച്ച അവസ്ഥയിൽ ആയിരുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയായിരുന്നു. എല്ലാമേഖലയിലും സർക്കാർ പുറകോട്ട് പോയി. ഈ സാഹചര്യം യുഡിഎഫാണ് സൃഷ്ടിച്ചത്. ആ യുഡിഎഫാണ് ഇപ്പോൾ സംസ്ഥാന സർക്കാർ വലിയ ദുരന്തം ആണെന്ന് പറയുന്നത്.

സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ ഇരിക്കുന്നതായിരുന്നു ദുരന്തം. അത് ജനങ്ങൾ തന്നെ മാറ്റിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പെൻഷൻ കുടിശിക തീർക്കുക മാത്രമല്ല, വർധിപ്പിക്കുകയും ചെയ്ത സർക്കാർ ആണ് ഇടത് ജനാധിപത്യ മുന്നണി സർക്കാരെന്നും വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റാര് ചെയ്താലും മുഖം നോക്കാതെ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നുണ്ട്. പദ്ധതികളുമായി ബന്ധപ്പെട്ട് ടെണ്ടർ നടപടികളിൽ ഏറ്റവും കുറഞ്ഞ തുക നൽകുന്നവരുമായാണ് കരാർ ഒപ്പിടുന്നത്. അങ്ങനെയല്ലെന്ന് ആരെങ്കിലും പരാതി പറഞ്ഞോ? കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ശക്തികൾ യാഥാർത്ഥ്യം തിരിച്ചറിയണം. നിങ്ങളുടെ വിശ്വാസ്യതയാണ് തകരുന്നത്. പദ്ധതികൾ നടപ്പാക്കാൻ ആവശ്യമായ പണം സംസ്ഥാന സർക്കാരിന്റെ കൈവശമില്ലെന്നത് ശരിയായ കാര്യമാണ്. അതിനാണ് കിഫ്‌ബിയെ പുനരുജ്ജീവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker