തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി. സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ജൂലൈ 27ന് നിയമസഭ സമ്മേളിക്കുമ്പോള്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ നീക്കം.
പിണറായി വിജയന്‍ സര്‍ക്കാരിലുള്ള വിശ്വാസം തങ്ങള്‍ക്ക് നഷ്ടമായി എന്ന ഒറ്റവരി പ്രമേയത്തിനാണ് യുഡിഎഫ് അനുമതി തേടിയിരിക്കുന്നത്. സാധാരണഗതിയില്‍ ചട്ടമനുസരിച്ച് മന്ത്രിസഭയ്ക്കെതിരെ സഭാ സമ്മേളനത്തിന് മൂന്ന് ദിവസം മുന്‍പാണ് നോട്ടീസ് നല്‍കേണ്ടത്.
ധനബില്ല് പാസക്കുന്നതിന് വേണ്ടി അടിയന്തരമായി ഒരു ദിവസത്തേക്ക് മാത്രം ചേരുന്ന സഭാസമ്മേളനത്തില്‍ പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അവസരം ലഭിക്കുമോ എന്ന് വ്യക്തമല്ല. നിലവിലെ അവസ്ഥയില്‍ അവിശ്വാസ പ്രമേയം പാസാവാന്‍ സാധ്യതയില്ല. ഇതറിയാമെങ്കിലും സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പൊതുവികാരം നിലനിര്‍ത്തി പ്രതിരോധത്തിലാക്കാനാണ് യുഡിഎഫിന്റെ നീക്കം.
നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ക്കെതിരെ പ്രമേയത്തിന് അവതരണാനുമതി ലഭിക്കണമെങ്കില്‍ 14 ദിവസം മുന്നേ നോട്ടീസ് നല്‍കണം.