ഇടുക്കി: ഭൂനിയമവുമായി ബന്ധപ്പെട്ട് നാളെ (18ന്) യുഡിഎഫ് ഇടുക്കിയിൽ പ്രഖ്യാപിച്ച ഹർത്താൽ ശക്തമായി നടത്താൻ ഡിസിസി പ്രസിഡന്റിൻ്റെ നിർദേശം. മണ്ഡലം അടിസ്ഥാനത്തിൽ പന്തം കൊളുത്തി പ്രകടനം നടത്താനും നേതാക്കളും പ്രവർത്തകരും സജീവമാകാനും ഡിസിസി പ്രസിഡൻ്റ് സിപി മാത്യു നിർദേശിച്ചു.
ദുരന്തനിവാരണ നിയമപ്രകാരം 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക, ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യുക, വന്യജീവി ശല്യം തടയാൻ നടപടി സ്വീകരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 18ന് രാവിലെ ആറുമണിമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ നടത്തുക.
ഹർത്താലിനു മുന്നോടിയായി വ്യാഴാഴ്ച വൈകുന്നേരം എല്ലാ മണ്ഡലങ്ങളിലും പന്തം കൊളുത്തി പ്രകടനം നടത്താൻ യുഡിഎഫ് തീരുമാനിച്ചു. മണ്ഡലതലത്തിൽ അനൗൺസ്മെൻ്റ് ചെയ്യാനും നേതാക്കളുടെ നേതൃത്വത്തിൽ കടകളിൽ കയറി ഇറങ്ങി സഹകരണം അഭ്യർഥിക്കാനും ഹർത്താൽ ദിവസം എല്ലാ തലത്തിലുമുള്ള നേതാക്കളുടെ സജീവ സാന്നിധ്യം ഉണ്ടാകാനും എല്ലാ മണ്ഡലത്തിലും പ്രകടനം നടത്താനും ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. ജില്ലാ ഹർത്താൽ വിജയിപ്പിക്കുന്നതിനുള്ള എല്ലാ നടപടികളും സമാധാനപരമായി സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡൻ്റിൻ്റെ നിർദേശമുണ്ട്.