ദുബൈ: യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം കൂടി അവധി നീട്ടി. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും രണ്ട് ദിവസത്തേക്ക് അവധിയായിരിക്കുമെന്ന് എമിറേറ്റ്‌സ് സ്‌കൂള്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ അറിയിച്ചു.ഇതിന് പിന്നാലെ ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 18, 19 തീയതികളില്‍ അവധി ആയിരിക്കുമെന്നും വിദൂര പഠനം തുടരുമെന്നും എമിറേറ്റിലെ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു.
ദുബൈയിലെ സ്വകാര്യ സ്‌കൂളുകള്‍, നഴ്‌സറികള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസം കൂടി വിദൂര പഠനം തുടരും. ഷാര്‍ജയിലും സ്വകാര്യ സ്‌കൂളുകള്‍ക്ക് വിദൂര പഠനം നീട്ടിയിട്ടുണ്ട്. ഏപ്രില്‍ 18നും വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര പഠനം ആയിരിക്കുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റിയുമായി സഹകരിച്ച് എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംഘമാണ് പ്രഖ്യാപനം നടത്തിയത്.
യുഎഇയില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
2016 മാര്‍ച്ച് ഒമ്പതിന് ഷുവൈബ് സ്റ്റേഷനില്‍ 287.6 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായും സെന്റര്‍ അറിയിച്ചു. അതിശക്തമായ മഴയാണ് യുഎഇയില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ലഭിച്ചത്. തിങ്കള്‍ മുതല്‍ ഏപ്രില്‍ 16 ചൊവ്വാഴ്ച രാത്രി 9 മണി വരെ 24 മണിക്കൂറില്‍ ലഭിച്ചത് ഏറ്റവും ഉയര്‍ന്ന മഴയാണ്.