
ഇൻഡോർ: കാമുകിമാർക്കൊപ്പം മോഷ്ടിച്ച പണവുമായി മഹാ കുംഭമേളയ്ക്ക് പോയ രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇവരിൽ നിന്ന് നാല് ലക്ഷം രൂപയും സ്വർണാഭരണങ്ങൾ ഉൾപ്പെടെ മോഷണം പോയ വസ്തുക്കളും പൊലീസ് കണ്ടെടുത്തു. ഇൻഡോറിൽ 15 മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള അജയ് ശുക്ല, സന്തോഷ് കോറി എന്നിവരെയാണ് കുംഭമേളയ്ക്ക് പോയി മധ്യപ്രദേശിൽ തിരിച്ചെത്തിയപ്പോൾ അറസ്റ്റ് ചെയ്തത്.
ഇൻഡോറിലെ ദ്വാരകാപുരിയിൽ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നിരവധി കവർച്ചാ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രദേശത്തെ നാല് വീടുകളിൽ മോഷണം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളങ്ങൾ പരിശോധിച്ചതില്‍ നിന്ന് രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു. ഇവരുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്‌തപ്പോൾ ഇരുവരും തങ്ങളുടെ കാമുകിമാർക്കൊപ്പം പ്രയാഗ്‌രാജിലേക്ക് പോയെന്നും മഹാകുംഭ മേളയിൽ പങ്കെടുക്കുകയാണെന്നും കണ്ടെത്തി.
ഇൻഡോറിൽ നിന്നുള്ള ഒരു പൊലീസ് സംഘം പ്രയാഗ്‌രാജിൽ എത്തിയെങ്കിലും പ്രതികളുടെ മൊബൈൽ ലൊക്കേഷനുകൾ ഇടയ്‌ക്കിടെ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ പിടിക്കുന്നത് ദുഷ്കരമായി. നഗരത്തിലെ ആളുകളുടെ തിരക്ക് കാരണം അവരെ കണ്ടെത്താനും ബുദ്ധിമുട്ടുകൾ നേരിട്ടു. ഇൻഡോറിലേക്ക് മടങ്ങി വന്ന ശേഷമാണ് അജയ്‍യെയും സന്തോഷിനെയും അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് പണവും ആഭരണങ്ങളും ഉൾപ്പെടെ നാല് ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച സാധനങ്ങൾ കണ്ടെടുത്തതായും ദ്വാരകാപുരിയിലെ നാല് വീടുകളിൽ നിന്ന് ഏഴ് ലക്ഷം രൂപയിലധികം വിലമതിക്കുന്ന സാധനങ്ങൾ കവർച്ച ചെയ്തതായും പൊലീസ് പറഞ്ഞു.