FeaturedHome-bannerKeralaNewsPolitics

വിമാനത്തിനുള്ളിലെ പ്രതിഷേധം; മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഗണ്‍മാന്‍, പ്രതിഷേധക്കാര്‍ അറസ്റ്റില്‍

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) വിമാനത്തിനുള്ളിലെ പ്രതിഷേധിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാർഡിൽ നിരീക്ഷണത്തിലാണ് ഇരുവരും. വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ നടത്തിയ പ്രതിഷേധത്തിനിടെ അദ്ദേഹത്തിന്റെ ഗണ്‍മാനും പി.എയ്ക്കും പരിക്കേറ്റതായി ആരോപണം. ഗണ്‍മാന്‍ അനില്‍കുമാറിനും പി.എ. സുരേഷിനുമാണ് പരിക്കേറ്റതായി പറയുന്നത്. ഇരുവരുടെയും ശരീരത്തിൽ മർദ്ദനത്തിന്‍റെ പാടുകളുണ്ട്.

ഇരുവരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിഷേധക്കാരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റതെന്നാണ് പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. . ‘വിമാനം യാത്ര പുറപ്പെടുമ്പോള്‍ മുതല്‍ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത് സീറ്റ് ബെല്‍റ്റ് മാറ്റുംമുമ്പെ മുഖ്യമന്ത്രിയെ അക്രമിക്കാനെത്തി. മുഖ്യമന്ത്രിയെ അക്രമിക്കാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് പരിക്കേറ്റത്’ ഗണ്‍മാന്‍ അനില്‍കുമാര്‍ മൊഴിനല്‍കി.

മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ എത്തിച്ച ശേഷമാണ് ഇരുവരും ആശുപത്രിയിലെത്തിയത്. വിമാനത്തിനുള്ളില്‍ പ്രതിഷേധമുയര്‍ത്തി മുഖ്യമന്ത്രിക്കെതിരെ മുദ്രവാക്യം വിളിച്ചവരെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ തള്ളിമാറ്റുന്ന ദൃശ്യം പുറത്തുവന്നിരുന്നു. കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ പ്രതിഷേധിച്ചത്.

ജയരാജന്‍ തള്ളിമാറ്റിയതിന് ശേഷവും ഇവര്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രിയെ പുറത്തിറക്കുന്നതിനായി ഇവരെ പിടിച്ച് മാറ്റുന്നതിനിടയിലാണ് ഗണ്‍മാനും പി.എയ്ക്കും പരിക്കേറ്റതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ അംഗരക്ഷകരെ കൈയേറ്റം ചെയ്തെന്ന പരാതി കൂടി വരുന്നതോടെ പ്രതിഷേധക്കാര്‍ക്കെതിരെ കൂടുതല്‍ ഗൗരവമുള്ള വകുപ്പകള്‍ കൂടി പോലീസ് ചുമത്തും.ഭീകരവാദ പ്രവര്‍ത്തനമാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയതെന്ന് സി.പി.എം. ആരോപിക്കുന്നതിനിടെയാണ് ഈ നീക്കങ്ങള്‍.ആസൂത്രിതമായ അക്രമമാണ് നടന്നതെന്ന് മുഖ്യമന്ത്രിയും പറയുകയുണ്ടായി.

ഇതിനിടെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദ് എയ്ഡഡ് സ്‌കൂള്‍ അധ്യാപകനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടപടിക്ക് നീക്കം തുടങ്ങിയിട്ടുണ്ട്. റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസമന്ത്രി പൊതുവിദ്യഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം ജനാധിപത്യപരമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ.പി. ജയരാജന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചിരിക്കുകായണെന്ന ആരോപണവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനും രംഗത്തെത്തിയിട്ടുണ്ട്. ജയരാജനോട് പകരം ചോദിക്കുമെന്നും സുധാരന്‍ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലെ പ്രതിഷേധത്തില്‍ വ്യാപക സംഘര്‍ഷമാണ് സംസ്ഥാനത്ത് ഉടനീളം നടക്കുന്നത്. പലയിടങ്ങളിലും കോണ്‍ഗ്രസ്-സി.പി.എം. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കെ.പി.സി.സി. ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായി. ഇരുപാര്‍ട്ടികളുടേയും ഫ്ളക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. തലസ്ഥാന നഗരിയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. കെ.പി.സി.സി. ആസ്ഥാനത്ത് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ചൊവ്വാഴ്ച കരിദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker