FeaturedKeralaNews

നിപ ഭീതി ഒഴിയുന്നു; എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ വൈറസ് സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടെയും പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 94 പേര്‍ക്കായിരുന്നു രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. ഇത് ആശ്വാസകരമായ സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട ഹൈ റിസ്‌ക് കാറ്റഗറിയില്‍ പെട്ടവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു. പുതുതായി ആര്‍ക്കും നിപ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോഴിക്കോട് ജില്ലയില്‍ കൃത്യമായി നിരീക്ഷണം നടത്താന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

വവ്വാല്‍ കടിച്ച അടക്കയില്‍ നിന്നാകാം മുഹമ്മദ് ഹാഷിമിന് നിപ ബാധയുണ്ടായതെന്ന് മെഡിക്കല്‍ കോളജിലെ സാംക്രമിക രോഗനിയന്ത്രണ സെല്‍ പറഞ്ഞു. കമ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രഫസര്‍മാരായ ഡോ. വി. ബിന്ദു, ഡോ. ബിജു ജോര്‍ജ്, അസി. പ്രഫസര്‍ ഡോ. ആര്‍.എസ്. രജസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡോ. സി.എം. അജിത് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച മുഹമ്മദ് ഹാഷിമിന്റെ വിട്ടിലും പരിസരത്തും നടത്തിയ സന്ദര്‍ശനത്തിനുശേഷം ഈ നിഗമനത്തിലെത്തിയത്. ഇവരുടെ വീട്ടുപരിസരത്ത് പറമ്പിലും നിരവധി കമുകുകളുണ്ട്. ഇവയുടെ ചുവട്ടില്‍ വവ്വാല്‍ കടിച്ച അടക്കകള്‍ കണ്ടെത്തി.

ഹാഷിമും പിതാവുമാണ് സാധാരണ അടക്കകള്‍ പെറുക്കാറുള്ളതെന്ന് പരിസരത്ത് അന്വേഷിച്ചപ്പോള്‍ വ്യക്തമായി. പരിസരത്ത് വവ്വാല്‍ വ്യാപകമാണെന്ന് ആരോഗ്യവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും പരിശോധനയില്‍ കണ്ടെത്തിയതാണ്. അതിനാല്‍, കൂടുതല്‍ സാധ്യത വവ്വാല്‍ കടിച്ച അടക്കയില്‍നിന്നാകാമെന്നാണ് കരുതുന്നതെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു.

ചാത്തമംഗലം പാഴൂരില്‍ 12കാരന് നിപ ബാധിക്കാനിടയായ സാഹചര്യത്തെപ്പറ്റി പഠിക്കാന്‍ സാംക്രമിക രോഗ നിയന്ത്രണ സെല്‍ അന്വേഷണം തുടങ്ങി. രോഗ ഉറവിടം അടക്കമുള്ള കാര്യങ്ങളാണ് പഠന വിധേയമാക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വകുപ്പിന് കീഴിലുള്ള സാംക്രമിക രോഗനിയന്ത്രണ സെല്ലാണ് പഠനം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍, നിപ സ്ഥിരീകരിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടിലും പരിസര വീടുകളിലും പരിശോധന നടത്തി. കമ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രഫസര്‍മാരായ ഡോ. വി. ബിന്ദു, ഡോ. ബിജു ജോര്‍ജ്, അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ആര്‍.എസ്. രജസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡോ. സി.എം. അജിത് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് എത്തിയത്.

വീട്ടുപറമ്പില്‍ വവ്വാലുകളുടെ സാന്നിധ്യത്തിന് ഇടയാക്കുന്ന കമുകും പഴങ്ങളും ഉള്ളതായി സംഘം വിലയിരുത്തി. തൊട്ടടുത്ത വീടുകളിലും എത്തി വിവരംതേടി. നിപയുടെ ഉറവിട അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിലെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ചാത്തമംഗലം പാഴൂരില്‍ നിപ സ്ഥിരീകരിച്ചു മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീട്ടിലെ ആടുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണത്തുടക്കം. ആഴ്ചകള്‍ക്കുമുമ്പ് ഈ വീട്ടില്‍ ആട് ചത്തെന്ന തെറ്റായ വിവരത്തി!!െന്റ അടിസ്ഥാനത്തിലായിരുന്നു ഇത്.

എന്നാല്‍, രണ്ടര മാസം മുമ്പ് 300 മീറ്റര്‍ അകലെ ആട് ചത്തത് സ്ഥിരീകരിച്ചു. എങ്കിലും മൃഗസംരക്ഷണവകുപ്പ് വീട്ടിലെ ആടുകളുടെ രക്തവും സ്രവ സാമ്പിളുകളും, ഒരു കിലോമീറ്റര്‍ പരിധിയിലെ 22 ആടുകളുടെയും രക്തസാമ്പിളും ശേഖരിച്ച് ഭോപാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. ആടുകള്‍ വൈറസിന്റെ രണ്ടാംനിര വാഹകരായതിനാല്‍ ഉറവിടമാകാനുള്ള സാധ്യത വിരളമാണെന്നാണ് മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.

തുടര്‍ന്നാണ് പ്രദേശത്ത് വ്യാപകമായുള്ള വവ്വാലിലേക്കും കാട്ടുപന്നികളിലേക്കും അന്വേഷണം കേന്ദ്രീകരിക്കുന്നത്. ജീവനുള്ള വവ്വാലുകളെ പിടികൂടി സ്രവം ശേഖരിച്ചാല്‍ മാത്രമെ കൂടുതല്‍ വ്യക്തത ലഭിക്കൂ. എന്നാല്‍ ഇതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സമീപപ്രദേശങ്ങളില്‍നിന്ന് ചത്ത നിലയില്‍ കണ്ടെത്തിയ വവ്വാലുകളെ പരിശോധനക്ക് അയച്ചു. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ഇവയെ വെടിവെച്ചുകൊന്നിരുന്നു. കാട്ടുപന്നിയെ പിടികൂടി സ്രവം ശേഖരിക്കാന്‍ ശ്രമം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker