
ഭോപാല്‍: മൂന്നുപേരുമായി ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് നടപടി. മധ്യപ്രദേശിലെ ഭോപാലിലെ വി.ഐ.പി. റോഡില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിലാണ് രണ്ടുയുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ഇവര്‍ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന യുവതി ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിലാണ് മൂന്നുപേരും ബൈക്കില്‍ അപകടകരമായരീതിയില്‍ അഭ്യാസപ്രകടനം നടത്തുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. യുവതിയെ മധ്യത്തിലിരുത്തി ബഹളമുണ്ടാക്കിയായിരുന്നു ഇവരുടെ യാത്ര.
വീഡിയോ വൈറലായതിന് പിന്നാലെയാണ് ഭോപാല്‍ ട്രാഫിക് പോലീസ് കേസെടുക്കുകയും ഋതിക് യാദവ്, സുമിത് കുമാര്‍ എന്നിവരെ പിടികൂടുകയുംചെയ്തത്. ഋതിക് ആണ് വാഹനമോടിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനായി മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കുമെന്നും പോലീസ് അറിയിച്ചു. അതേസമയം, യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് വ്യക്തമാക്കിയിട്ടില്ല.