ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷമുണ്ടാക്കിയവര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് ട്വിറ്റര്‍! 550 അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 550 അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ട്വിറ്റര്‍ തീരുമാനിച്ചു. സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന രീതിയിലുള്ള നൂറുകണക്കിന് അക്കൗണ്ടുകളും ട്വീറ്റുകളും കണ്ടെത്തിയതായി ട്വിറ്റര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരത്തിലുള്ള 550 അക്കൗണ്ടുകളാണ് റദ്ദാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന ട്രാക്ടര്‍ റാലിയില്‍ പ്രതിഷേധക്കാരും പോലീസും വിവിധയിടങ്ങളില്‍ ഏറ്റുമുട്ടിയിരുന്നു. ക്രമസമാധാനം പുന:സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ സേനാവിന്യാസവും ഇന്റര്‍നെറ്റ് വിച്ഛേദനമടക്കമുളള നടപടികളും കൈക്കൊളേണ്ടി വന്നിരുന്നു. എന്നാല്‍ സമരത്തില്‍ ചില ആളുകള്‍ നുഴഞ്ഞു കയറി മന:പൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം.
നവംബര്‍ 26നാണ് ഡല്‍ഹി ചലോ എന്ന മുദ്രാവാക്യവുമായി കര്‍ഷക സംഘടനകള്‍ ഡല്‍ഹിയുടെ മൂന്ന് അതിര്‍ത്തികളടച്ച് സമരമാരംഭിച്ചത്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് അവകാശപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷക സംഘനടകള്‍ രംഗത്തിറങ്ങിയത്.