വാഷിംഗ്ടൺ:ട്വിറ്ററിന് പുതിയ മാര്‍ഗ നിര്‍ദേശവുമായി ഇലോണ്‍ മസ്‌ക്. ഉപഭോക്താക്കള്‍ക്ക് ഒരു ദിവസം വായിക്കാന്‍ കഴിയുന്ന ട്വിറ്റര്‍ പോസ്റ്റുകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചിരിക്കുകയാണ് മസ്‌ക്. വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ഒരു ദിവസം 6,000 പോസ്റ്റുകള്‍ വായിക്കുന്ന നിലയിലാണ് പുതിയ രീതി താൽക്കാലികമായി പരിമിതപ്പെടുത്തിയിരിക്കുന്നതെന്ന് മസ്‌ക് പറഞ്ഞു. വേരിഫൈഡ് അല്ലാത്ത അക്കൗണ്ടുകള്‍ക്ക് ഒരു ദിവസം 600, പുതിയ വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകള്‍ക്ക് 300 എന്നിങ്ങനെയാണ് നിജപ്പെടുത്തിയിരിക്കുന്നത്.
ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇതിന് തടയിടുന്നതിനായിട്ടാണ് ഇത്തരം നടപടിയെന്ന് മസ്‌ക് പറഞ്ഞു. നിരവധി ഉപയോക്താക്കളുടെ പരാതിയെ തുടര്‍ന്നാണ് മസ്‌കിന്റെ ട്വീറ്റ്. ട്വീറ്റിന് പിന്നാലെ നിരവധി ഉപയോക്താക്കളാണ് പുതിയ തീരുമാനത്തില്‍ തൃപ്തരല്ലെന്ന് അറിയിച്ചത്. ‘എന്റെ ടൈംലൈനില്‍ ഒരു മിനിറ്റില്‍ നൂറോളം പോസ്റ്റുകളിലൂടെ സ്‌ക്രോള്‍ ചെയ്യുന്നുണ്ട്. ഇത് തുടര്‍ന്നാല്‍ ട്വിറ്റര്‍ ഉപയോഗം അവസാനിപ്പിക്കും’, ഒരു ഉപയോക്താവ് പറഞ്ഞു.
അതേസമയം വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് പ്രതിദിനം 8,000, വേരിഫൈഡ് അല്ലാത്ത അക്കൗണ്ടുകള്‍ക്ക് 800, പുതിയ വേരിഫൈഡ് അക്കൗണ്ടുകള്‍ക്ക് 400 എന്നിങ്ങനെ ഉടന്‍ നിജപ്പെടുത്തുമെന്ന് മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍, ഇത് എപ്പോള്‍ നടപ്പില്‍ വരുത്തുമെന്ന് മസ്‌ക് അറിയിച്ചിട്ടില്ല. ട്വീറ്റുകള്‍ കാണുന്നതിന് ട്വിറ്റര്‍ പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് വേണമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കപ്പുറം സോഷ്യല്‍ മീഡിയ കമ്പനിയുടെ ബിസിനസ് പുനരുജ്ജീവിപ്പിക്കാന്‍ വീഡിയോ, ക്രിയേറ്റര്‍, കൊമേഴ്സ് പങ്കാളിത്തം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികള്‍ ട്വിറ്റര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
മസ്‌ക് ഉടമസ്ഥതയേറ്റതിന് പിന്നാലെ ട്വിറ്റര്‍ വിട്ടുപോയ പരസ്യദാതാക്കളെ തിരിച്ചുപിടിക്കാനും ട്വിറ്റര്‍ ബ്ലൂ ടിക് പ്രോഗ്രാമിന്റെ ഭാഗമായി സബ്സ്‌ക്രിപ്ഷന്‍ വരുമാനം വര്‍ദ്ധിപ്പിക്കാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം മുമ്പ് നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. ഒക്ടോബറില്‍ മസ്‌ക് സിഇഒ ആയി ചുമതലയേറ്റ ശേഷം ട്വിറ്റര്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കാര്യമായ പരസ്യദാതാക്കളെ നഷ്ടപ്പെട്ടതിന് ശേഷം, ട്വിറ്റര്‍ പുതിയ സബ്സ്‌ക്രിപ്ഷന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു.