ബ്ലൂ ടിക്കിന് പണം നൽകേണ്ട; സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം താൽക്കാലികമായി നിർത്തിവച്ച് ട്വിറ്റർ
സാൻഫ്രാൻസിസ്‌കോ: സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം താൽക്കാലികമായി നിർത്തിവെച്ചു. ഈ ആഴ്ചയാണ് ട്വിറ്റർ സബ്‌സ്‌ക്രിപ്‌ഷൻ പ്രോഗ്രാം ആരംഭിച്ചത്. പ്രതിമാസം 8 ഡോളർ എന്ന നിലക്കായിരുന്നു ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകൾ ബ്ലൂ ടിക്ക് ബാഡ്ജിനായി നൽകേണ്ടിയിരുന്നത്. പണം നൽകി സബ്സ്ക്രൈബ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മറ്റ് പല ആനുകൂല്യങ്ങളും ട്വിറ്റർ നൽകും.
വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കാനുള്ള നടപടിയാണ് പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷൻ ട്വിറ്ററിന്റെ പുതിയ സിഇഓ ആയ ഇലോൺ മസ്‌ക് അവതരിപ്പിച്ചത്. ശത കോടീശ്വരൻ എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ നടപടിയാണ് ഇത്.
നിരവധി വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ കഴിഞ്ഞ മാസം 44 ബില്യൺ ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കിയത്. മാസങ്ങൾക്ക് മുൻപ് കരാറിൽ ഒപ്പു വെച്ചെങ്കിലും പൂർത്തിയാക്കാൻ മസ്കിന് സാധിച്ചിരുന്നില്ല. ഏറ്റെടുക്കൽ പൂർത്തിയാക്കണമെങ്കിൽ ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകൾ കുറിച്ച് വ്യക്തമായ വിവരം നൽകണമെന്ന് ട്വിറ്ററിനോട് മസ്‌ക് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ യഥാർത്ഥ വിവരങ്ങൾ നൽകിയില്ല എന്നാരോപിച്ച് മസ്‌ക് കരാറിൽ നിന്നും പിന്മാറി. ഇതിനെ തുടർന്ന് ട്വിറ്റർ ഇലോൺ മാസ്കിനെതിരെ നിയമ പോരാട്ടത്തിന് തയ്യാറായി. ട്വിറ്റർ ഏറ്റെടുക്കാനുള്ള കോടതി നിർദേശിച്ച അവസാന ദിവസത്തിന് തൊട്ട് മുൻപാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്.
ഭീമൻ തുകയ്ക്ക് ട്വിറ്റർ ഏറ്റെടുത്ത മസ്‌ക് വരുമാനത്തിന്റെ ഭൂരിഭാഗവും ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷനിൽ നിന്നും കണ്ടെത്തുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. അതിന്റെ ആദ്യ പടിയാണ് വെരിഫൈഡ് അക്കൗട്ടുകളുടെ ബ്ലൂ ടിക്ക് ബാഡ്ജിന് നിരക്ക് ഏർപ്പെടുത്തിയത്. ഒപ്പം വ്യാജ അക്കൗണ്ടുകൾക്ക് തടയിടുക എന്ന ലക്ഷ്യവും.