വിദ്വേഷം പടര്‍ത്തുന്ന വാര്‍ത്താ ചാനല്‍ അവതാരകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്ന വാര്‍ത്താ ചാനല്‍ അവതാരകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീംകോടതി. കുറ്റക്കാരായ അവതാരകരെ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പ്രോഗ്രാം കോഡ് ലംഘിക്കുന്ന ചാനലുകള്‍ക്ക് കനത്ത പിഴ ഈടാക്കണമെന്നും ജസ്റ്റിസു്മാരായ കെ.എം. ജോസഫ്, ബി.വി.നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇതിനിടെ വിദ്വേഷ പ്രസംഗങ്ങള്‍ നേരിടാന്‍ ക്രിമിനല്‍ നടപടി ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ദൃശ്യങ്ങളുടെ സാധ്യത ഉപയോഗിച്ച് സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ഒരു വിഭാഗം ചാനലുകള്‍ ശ്രമിക്കുകയാണ്. അജണ്ടകളോടെ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ വാര്‍ത്തകള്‍ സ്‌തോഭജനകമായി അവതരിപ്പിക്കാന്‍ മത്സരിക്കുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണങ്ങള്‍.
ചാനല്‍ അവതാരകര്‍ തന്നെ പ്രശ്‌നക്കാര്‍ ആകുമ്പോള്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് സുപ്രീം കോടതി ആരാഞ്ഞു. NBSA പോലുള്ള സ്ഥാപനങ്ങള്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം. ഇത്തരം സ്ഥാപനങ്ങള്‍ ഏകപക്ഷീയമായി പ്രവര്‍ത്തിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.
എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രം ഒഴിച്ച വ്യക്തിയെ ചാനലുകള്‍ വിശേഷിപ്പിച്ച രീതിയെയും സുപ്രീം കോടതി വിമര്‍ശിച്ചു. ആ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയില്‍ ആണ്. കുറ്റകാരന്‍ ആണെന്ന് കോടതിയുടെ തീര്‍പ്പ് ഉണ്ടായിട്ടില്ല. ആരെയും നിന്ദിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശം ഇല്ല. എല്ലാവര്‍ക്കും അന്തസോടെ ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അഭിപ്രായ സ്വന്തന്ത്ര്യവും, ആവിഷ്‌കാര സ്വാതന്ത്ര്യവും പ്രധാനപെട്ടതാണ്. മാധ്യമങ്ങള്‍ അവ അവകാശപ്പെടുമ്പോള്‍ അതിന് അനുസരിച്ച് ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
വിദ്വേഷ പ്രസംഗങ്ങള്‍ സമൂഹത്തിന് ഭീഷണി ആണെന്നും ബെഞ്ച് നിരീക്ഷിച്ചു. തുടര്‍ന്നാണ് വിദ്വേഷ പ്രസംഗങ്ങള്‍ നേരിടാന്‍ ക്രിമിനല്‍ നടപടി ചട്ടത്തില്‍ ആവശ്യമായ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.