
ന്യൂഡല്‍ഹി: ധനകാര്യ സെക്രട്ടറിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ തുഹിന്‍ കാന്ത പാണ്ഡെ സെബിയുടെ പുതിയ ചെയര്‍മാന്‍. മൂന്നു വര്‍ഷത്തേക്കാണ് തുഹിന്‍ കാന്ത പാണ്ഡെയെ നിയമിച്ചിരിക്കുന്നത്. മാധബി ബുച്ച് വിരമിക്കുന്നതിനെ തുടര്‍ന്നാണ് നേതൃമാറ്റം. തിങ്കളാഴ്ചയായിരിക്കും പുതിയ മേധാവി ചുമതലയേല്‍ക്കുക. ഏറെ വിവാദം നിറഞ്ഞ കാലത്തിന് ശേഷമാണ് മാധബി ബുച്ച് സെബിയില്‍ നിന്നും പടിയിറങ്ങുന്നത്.
അദാനിയുടെ ഓഹരി വിപണി തട്ടിപ്പില്‍ മാധബി ബുച്ചിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. സെബിയുടെ തലപ്പത്തും ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെത്തിയാല്‍ നാല് സാമ്പത്തിക ഏജന്‍സികളില്‍ മൂന്നെണ്ണം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലാകും. ദീപക് മൊഹന്തി നേത്യത്വം നല്‍കുന്ന പെന്‍ഷന്‍ നിയന്ത്രണ ഏജന്‍സി മാത്രമാണ് ഇതില്‍ നിന്ന് വ്യത്യസ്ഥമായി നില്‍കുന്നത്.
1987 ബാച്ച് ഒഡീഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണു തുഹിന്‍ കാന്ത പാണ്ഡെ. നിലവില്‍ കേന്ദ്ര റവന്യു സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമാണ് സേവനം അനുഷ്ഠിക്കുന്നത്. പബ്ലിക് എന്റര്‍പ്രൈസ് ഡിപ്പാര്‍ട്ടമെന്റ്, ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജമെന്റ് തുടങ്ങിയ വകുപ്പുകളില്‍ പ്രധാന ചുമതല വഹിച്ചയാളാണ് തുഹിന്‍ കാന്ത പാണ്ഡെ. എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം എല്‍.ഐ.സിയുടെ പബ്ലിക് ലിസ്റ്റിംഗ് തുടങ്ങിയവയിലെ തുഹിന്‍ കാന്തയുടെ ഇടപ്പെടല്‍ ഏറെ ശ്രദ്ധേയമായിരുന്നു.